ലക്ഷ്യം ലോകം കീഴടക്കൽ,തന്റെ ആഗ്രഹങ്ങൾ എപ്പോഴും വലുതായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

യുവന്റസിൽ തന്റെ മൂന്നാമത്തെ സീസണിനുള്ള ഒരുക്കത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പുതിയ പരിശീലകൻ പിർലോ കീഴിൽ റൊണാൾഡോയും കൂട്ടരും പരിശീലനം ആരംഭിച്ചിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിയോണിന് മുമ്പിൽ അടിയറവ് പറഞ്ഞു കൊണ്ടു ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിരുന്നു. ഇതോടെ താരം പിഎസ്ജിയിലേക്ക് ചേക്കേറും എന്ന കിംവദന്തി ഉണ്ടായിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളെയെല്ലാം കാറ്റിൽപറത്തി കൊണ്ട് താനിവിടെ തന്നെ കാണുമെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചു.

പുതുതായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ പോസ്റ്റ്‌ വഴിയാണ് റൊണാൾഡോ താൻ യുവന്റസിലെ മൂന്നാം സീസണിന് ഒരുങ്ങി എന്നറിയിച്ചത്. തങ്ങളുടെ ലക്ഷ്യം ഇറ്റലിയും യൂറോപ്പും ലോകവും കീഴടക്കുകയാണെന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അറിയിച്ചത്. ഈ സീസണിൽ തുടർച്ചയായി ഒമ്പതാം സിരി എ കിരീടം നേടാൻ യുവന്റസിന് സാധിച്ചിരുന്നു. ലീഗിൽ മുപ്പത്തിമൂന്ന് മത്സരങ്ങളിൽ നിന്ന് മുപ്പത്തിയൊന്ന് ഗോളുകൾ നേടികൊണ്ട് റൊണാൾഡോ ആയിരുന്നു കിരീടനേട്ടത്തിൽ നിർണായകപങ്ക് വഹിച്ചത്.

” ബിയാൻകൊനേറൊക്കൊപ്പമുള്ള മൂന്നാം സീസണിന് ഞാൻ തയ്യാറായി കഴിഞ്ഞു. എന്റെ മനോഭാവവും ആഗ്രഹങ്ങളും എപ്പോഴും വലുതായിരിക്കും. ഗോളുകൾ, ജയങ്ങൾ, ആത്മാർത്ഥ, പ്രൊഫഷണലിസം എന്നിവയൊക്കെയാണത്. യുവന്റസിനെയും സഹതാരങ്ങളെയും സഹായിക്കാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരിക്കൽ കൂടി ഞങ്ങളുടെ ലക്ഷ്യം വ്യക്തമാക്കുകയാണ്. ഞങ്ങൾക്ക് ഇറ്റലിയും യൂറോപ്പും ലോകവും കീഴടക്കണം ” റൊണാൾഡോ കുറിപ്പ് തുടരുന്നു.

“റെക്കോർഡുകൾ തകർക്കണം, തടസ്സങ്ങൾ തരണം ചെയ്യണം, കിരീടങ്ങൾ നേടണം, വ്യക്തിപരമായ ആഗ്രഹങ്ങൾ സഫലീകരിക്കണം ഇതൊക്കെയാണ് വരും സീസണിലേക്കുള്ള ലക്ഷ്യങ്ങൾ. മുമ്പ് ചെയ്തതിനേക്കാളും നല്ല രീതിയിൽ കാര്യങ്ങൾ ചെയ്യണം. ഞങ്ങളുടെ ആരാധകർക്ക് വേണ്ടി ഓരോ വർഷവും മെച്ചപ്പെട്ടു കൊണ്ടിരിക്കണം. കഴിയുന്ന പോലെ നമ്മുടെ മൂല്യങ്ങൾ ഉയർത്തി പിടിക്കണം. ചരിത്രം സൃഷ്ടിക്കുകയും ചെയ്യണം ” റൊണാൾഡോ എഴുതി.

Rate this post