ഖത്തർ ലോകകപ്പ് സെമി ഫൈനൽ ഘട്ടത്തിലേക്ക് കടന്നപ്പോൾ നാല് ടീമുകളാണ് കിരീടത്തിനായി ഇനി പോരാടുക. ടൂർണമെന്റിനു മുൻപ് കിരീടം നേടാൻ സാധ്യതയുള്ളവരെന്നു കരുത്തപ്പെട്ടവരിൽ ഫ്രാൻസും അർജന്റീനയും സെമിയിൽ ഇടം പിടിച്ചപ്പോൾ മറ്റൊരു ടീം കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയാണ്. ആഫ്രിക്കൻ ടീമായ മൊറോക്കോയുടെ അപ്രതീക്ഷിത കുതിപ്പാണ് ഈ ലോകകപ്പിലെ മറ്റൊരു പ്രധാന വിസ്‌മയം. അവസാന നാല് ടീമുകളിൽ ഒന്നായി അവരും ലോകകിരീടത്തിനായി വെല്ലുവിളിയുയർത്താൻ രംഗത്തുണ്ട്.
അവസാന നാല് ടീമുകളിലേക്ക് കടന്നതോടെ പല താരങ്ങളും ഓരോ ടീമുകൾക്ക് പിന്തുണയുമായി എത്തുന്നുണ്ട്. ലയണൽ മെസിയുടെ സാന്നിധ്യം ഉള്ളതിനാൽ തന്നെ അർജന്റീനക്കാണ് പിന്തുണ കൂടുതൽ. കഴിഞ്ഞ ദിവസം സ്വീഡിഷ് ഫുട്ബോൾ ഇതിഹാസമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചും തന്റെ പിന്തുണ മെസിക്ക് നൽകി. അർജന്റീന കിരീടം നേടണമെന്ന ആഗ്രഹമുണ്ടെന്നല്ല, മറിച്ച് ഇത്തവണ മെസി തന്നെ കിരീടം ഉയർത്തുമെന്നും അത് നേരത്തെ തന്നെ എഴുതപ്പെട്ടു കഴിഞ്ഞ കാര്യമാണെന്നുമാണ് ഇബ്രാഹിമോവിച്ച് പറയുന്നത്.
“ആരാണ് കിരീടം നേടുകയെന്നു നേരത്തെ തന്നെ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു, അതാരാക്കുറിച്ചാണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയാം. മെസി കിരീടം ഉയർത്തുമെന്നാണ് ഞാൻ കരുതുന്നത്, അതെപ്പോഴോ എഴുതപ്പെട്ടു കഴിഞ്ഞ കാര്യമാണ്.” 2002ലെയും 2006ലെയും ലോകകപ്പുകളിൽ സ്വീഡനെ പ്രതിനിധീകരിച്ച, ലയണൽ മെസിയുടെ കൂടെ ബാഴ്‌സലോണ ടീമിൽ കളിച്ചിട്ടുള്ള സ്ലാട്ടൻ ഇബ്രാഹിമോവിച്ച് പറഞ്ഞു. ഇതിനു മുൻപും ലയണൽ മെസിക്ക് തന്റെ പിന്തുണ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് നൽകിയിട്ടുണ്ട്.
Zlatan Ibrahimovic: “I think it's already written who will win, and you know who I mean. I think Messi will lift the trophy, it's already written.” pic.twitter.com/3jDMTHg8vs
— SPORTbible (@sportbible) December 13, 2022
മൊറോക്കോയുടെ ലോകകപ്പ് കുതിപ്പിൽ തനിക്കൊരു ആശ്ചര്യമല്ലെന്നും സ്ലാട്ടൻ പറയുന്നു. അവർ മികച്ച ടീമാണെന്നും ലോകകപ്പിൽ എന്തു വേണമെങ്കിലും സംഭവിക്കാമെന്നും താരം വെളിപ്പെടുത്തി. എന്നാൽ അവർ ലോകകപ്പ് സെമിയിൽ എത്തിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നാണ് സ്ലാട്ടൻ പറയുന്നത്. മികച്ചൊരു രാജ്യവും മികച്ചൊരു ടീമും അവർക്ക് സ്വന്തമായുണ്ടെന്നും ആഗ്രഹിച്ചത് നേടാനുള്ള ആവേശം അവർക്ക് കൂടുതൽ ഊർജ്ജം നൽകുന്നുണ്ടെന്നും സ്ലാട്ടൻ പറഞ്ഞു.