മെസ്സിയെന്ന മായാജാലക്കാരന്റെ അത്ഭുതപ്രകടനം തുടരുന്നു, ഒന്നാം സ്ഥാനക്കാരെ തകർത്ത് അവസാന സ്ഥാനക്കാർ വീണ്ടും ഫൈനലിൽ

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയെ ടീമിൽ എത്തിച്ചതിനുശേഷം എല്ലാ മത്സരങ്ങളിലും വിജയകുതിപ്പ് നടത്തുകയാണ് ഇന്റർമിയാമി. അമേരിക്കയിലെ ഫുട്ബോൾ ലീഗുകളിലെ ഏറ്റവും മികച്ച ടീമുകൾക്കെതിരെയും വിജയം നേടി മുന്നോട്ടുപ്പായുന്ന ഇന്റർമിയാമി ഇന്ന് നടന്ന മത്സരത്തിൽ എം എൽ എസ് ലീഗിലെ ഒന്നാം സ്ഥാനക്കാരെയാണ് പരാജയപ്പെടുത്തിയത്.

യുഎസ് ഓപ്പൺ കപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ തോൽവി മുന്നിൽ കണ്ടുകൊണ്ടാണ് ഇന്റർമിയാമി തിരിച്ചടിച്ചുകൊണ്ട് വിജയം നേടുന്നത്. മിയാമി ജേഴ്സിയിലെ എട്ടാം മത്സരത്തിൽ കളത്തിൽ ഇറങ്ങിയ ലിയോ മെസ്സിക്ക് തന്റെ ഗോൾ വേട്ട തുടരാൻ ആയില്ലെങ്കിലും ഇന്റർമിയാമി vs സിൻസിനാറ്റി മത്സരം ആവേശത്തിലാണ് അവസാനിച്ചത്. മൂന്ന് ഗോളുകളുടെ സമനിലയിലാണ് മത്സരം അവസാനിച്ചെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ മിയാമി വിജയം നേടി ഫൈനലിൽ പ്രവേശിച്ചു.

യുഎസ് ഓപ്പൺ കപ്പിന്റെ സെമിഫൈനൽ മത്സരത്തിലെ ആദ്യ ഗോൾ നേടുന്നത് പതിനെട്ടാം മിനിറ്റിൽ അക്കോസ്റ്റയിലൂടെ സിൻസിനാറ്റിയാണ്. ആദ്യ പകുതി ഒരു ഗോൾ ലീഡിന് കളി അവസാനിപ്പിച്ച ഹോം ടീം രണ്ടാം പകുതിയുടെ 53 മിനിറ്റിൽ വസ്കസിന്റെ ഗോളിലൂടെ ലീഡ് രണ്ടായി ഉയർത്തി. ലിയോ മെസ്സി അടങ്ങുന്ന മിയാമി താരനിര ഗോളുകൾ സ്കോർ ചെയ്യാൻ പാടുപെട്ടതോടെയാണ് മിയാമി സെമിഫൈനൽ തോൽവി മുന്നിൽ കണ്ടത്.

എന്നാൽ 68 മിനിറ്റിൽ കമ്പാനയിലൂടെ ഒരു ഗോൾ തിരിച്ചടിച്ച മിയാമി മത്സരം അവസാനിക്കാൻ സെക്കന്റുകൾ ബാക്കിനിൽക്കെ ഇഞ്ചുറി ടൈമിൽ കമ്പനയിലൂടെ രണ്ടാമത്തെ ഗോൾ നേടി സമനില നേടിയെടുത്തു. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോള്‍ വീതം പിന്നീട് നേടിയെങ്കിലും മത്സരം അവസാനിച്ചത് മൂന്ന് ഗോളുകളുടെ സമനിലയിൽ ആയിരുന്നു.

പെനാൽറ്റി ഷൂട്ടൗട്ടിൽ സിൻസീനാറ്റിയുടെ അവസാന കിക്ക് മിയാമി ഗോൾകീപ്പർ തടുത്തിട്ടതിനാൽ ഷൂട്ടൗട്ടിൽ മുഴുവൻ കിക്കുകളും ഗോളാക്കി മാറ്റിയ ഇന്റർ മിയാമി 5-4 സ്കോറിന് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം കണ്ടുകൊണ്ട് യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചു. സെപ്റ്റംബർ 27നാണ് ഫൈനൽ മത്സരം അരങ്ങേറുന്നത്. മിയാമിക്കൊപ്പം ലീഗ് കപ്പ് നേടിയ ലിയോ മെസ്സിക്ക് യു എസ് ഓപ്പൺ കപ്പ് കൂടി നേടാനുള്ള സുവർണ്ണവസരമാണ് മുന്നിൽ ലഭിച്ചിട്ടുള്ളത്.

4.2/5 - (29 votes)
Lionel Messi