ബോളില്ലാതെ തന്നെ മെസ്സി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു, ഈ ടീമിൽ അഭിമാനിക്കുന്നു, കൂമാൻ പറയുന്നു.

ഇന്നലെ നടന്ന ലാലിഗ മത്സരത്തിൽ സെൽറ്റ വിഗോയെ എഫ്സി ബാഴ്സലോണ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ആദ്യ പകുതിക്ക് മുമ്പ് തന്നെ ഒരു താരത്തെ നഷ്ടമായെങ്കിലും വർധിതവീര്യത്തോടെ കളിച്ച ബാഴ്സ പിന്നീട് രണ്ട് ഗോൾ കൂടി നേടുകയായിരുന്നു. ഫാറ്റി, സെർജി റോബെർട്ടോ എന്നിവർക്ക് പുറമെ ഒരു സെൽഫ് ഗോളുമാണ് ബാഴ്‌സയെ ലീഗിലെ രണ്ടാം ജയം നേടാൻ സഹായിച്ചത്.

മത്സരശേഷം തന്റെ ടീമിനെയും മെസ്സിയെ കുറിച്ചും പുകഴ്ത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പരിശീലകൻ റൊണാൾഡ് കൂമാൻ. ഈ മത്സരഫലത്തെ കുറിച്ചോർത്തും ഈ ടീമിനെ കുറിച്ചോർത്തും തനിക്ക് അഭിമാനമുണ്ട് എന്നാണ് അദ്ദേഹം അറിയിച്ചത്. അതേസമയം ക്ലമന്റ് ലെങ്ലെറ്റിന് ലഭിച്ച റെഡ് കാർഡിനെ കുറിച്ചും അദ്ദേഹം സ്വാഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. മെസ്സിയും ഫാറ്റിയും കാര്യങ്ങളെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോവുന്നുണ്ടെന്നും ബോൾ ഇല്ലാതെ തന്നെ മെസ്സി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” ലെങ്ലേറ്റിന്റെ ഫൗൾ യെല്ലോ കാർഡ് അർഹിക്കുന്നതാണോ അല്ലയോ എന്നുള്ളതിനെ കുറിച്ച് നമ്മൾക്ക് തർക്കിക്കാം. അതൊരു കഠിനമായ നടപടിയായിരുന്നു. ഇനി ആ തീരുമാനത്തെ കുറിച്ച് നാം ചർച്ച ചെയ്യേണ്ടതില്ല. ഒരു റഫറിയാവുക എന്നുള്ളത് ബുദ്ദിമുട്ടുള്ള ജോലിയാണ്. ഇവിടെ നാം പ്രധാനമായും ചർച്ച ചെയ്യേണ്ടത് ഒരു താരത്തെ നഷ്ടമായിട്ടും നാം എങ്ങനെ കളിച്ചു എന്നതിനെ കുറിച്ചാണ് ” കൂമാൻ തുടരുന്നു.

” ഇന്നത്തെ മത്സരത്തിൽ എന്റെ ടീമിനെ കുറിച്ചോർത്ത് ഞാൻ വളരെയധികം അഭിമാനിക്കുന്നു. ഞങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചു, നല്ല രീതിയിൽ കളിച്ചു, ഒരു താരത്തെ നഷ്ടമായിട്ട് കൂടെ അച്ചടക്കത്തോട് കൂടി കളിച്ചു.ഞങ്ങൾ നല്ല ജോലിയാണ് ചെയ്തത്. മെസ്സിയും ഫാറ്റിയും വളരെ നല്ല രീതിയിലാണ് കാര്യങ്ങളെ കൈകാര്യം ചെയ്തത്. പ്രത്യേകിച്ച് മെസ്സി ബോൾ ഇല്ലാതെയും ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട് ” കൂമാൻ പറഞ്ഞു.

Rate this post
Fc BarcelonaLa LigaLionel MessiRonald koeman