ഗോളടിച്ചിട്ടും കട്ടക്കലിപ്പിൽ മെസി, താരത്തിന്റെ രോഷം ആർക്കു നേരെ?

ഈ സീസണിലെ ബാഴ്സലോണ ആരാധകർക്ക് കടുത്ത നിരാശയാണു സമ്മാനിച്ചത്. ലീഗിൽ മുന്നിൽ നിൽക്കുമ്പോൾ പരിശീലകനെ പുറത്താക്കൽ, ടീമിലെ താരങ്ങളും നേതൃത്വവുമായുള്ള പ്രശ്നങ്ങൾ, സീസൺ നിർത്തി വക്കുന്നതു വരെ മുന്നിലുണ്ടായിരുന്ന ടീം അതിനു ശേഷം റയലിനു മുന്നിൽ അടിയറവു പറഞ്ഞത് എന്നിങ്ങനെ ഓർക്കാൻ സുഖമുള്ള കാര്യങ്ങളല്ല ആരാധകർക്ക് ഈ സീസണിൽ ബാഴ്സ സമ്മാനിച്ചത്.

ബാഴ്സയുടെ ഈ സീസൺ എത്രത്തോളം നിരാശാജനകമാണെന്ന് ഒസാസുനക്കെതിരായ മത്സരത്തിലെ ഒരു രംഗം തന്നെ കാണിച്ചു തന്നു. ബാഴ്സലോണ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോറ്റ മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം നായകൻ മെസി യാതൊരു വിധത്തിലും ആഘോഷിക്കാതെ രോഷം കൊണ്ടു പൊട്ടിത്തെറിക്കുകയായിരുന്നു.

മത്സരത്തിനു ശേഷം തന്റെ ദേഷ്യം മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ മെസി പ്രകടമാക്കുകയും ചെയ്തു. ശരാശരിയിൽ താഴെയുള്ള പ്രകടനമാണ് ടീം കാഴ്ച വെക്കുന്നതെന്നും ഇങ്ങനെ പോയാൽ റോമ, ലിവർപൂൾ എന്നിവർക്കെതിരായ തോൽവിയെ മറക്കാൻ ശ്രമിക്കുന്ന ആരാധകർക്ക് യാതൊന്നും നൽകാനാവാതെ നാപോളിക്കെതിരെ ബാഴ്സ തോൽക്കാനിടയുണ്ടെന്നുമാണ് മെസി പറഞ്ഞത്.

ബാഴ്സ പരിശീലകൻ സെറ്റിയന്റ ശൈലിക്കെതിരെ നേരത്തെയും മെസി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സീസൺ പുനരാരംഭിക്കുന്നതിനു മുൻപു തന്നെ ഈ ശൈലി ബാഴ്സക്ക് യാതൊന്നും നൽകില്ലെന്ന് ബാഴ്സ നായകൻ പറഞ്ഞിരുന്നു. അതു സത്യമാണെന്ന് ഇപ്പോൾ തെളിയുകയും ചെയ്തു.

Rate this post