ലാലിഗ വിജയത്തിന്റെ സന്തോഷം കെടുത്തി റയൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്

റയലിന്റെ ലാലിഗ വിജയത്തിന്റെ സന്തോഷം ഇല്ലാതാക്കി മാഴ്സലോയുടെ പിൻഗാമിയെന്ന് അറിയപ്പെടുന്ന യൂത്ത് ടീം താരം അൽവാരോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നു. പത്തൊൻപതുകാരനായ താരം ഫ്രീ ട്രാൻസ്ഫറിലാണു ക്ലബ് വിടുന്നതെന്നാണ് റയലിനു തിരിച്ചടിയായ മറ്റൊരു കാര്യം. റയൽ വിടുന്ന കാര്യം അൽവാരോ തന്നെ സോഷ്യൽ മീഡിയ വഴി അറിയിച്ചു.

സ്പാനിഷ് മാധ്യമമായ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് നാലു വർഷത്തെ കരാറിൽ ചേക്കേറാൻ താരം സമ്മതമറിയിച്ചു കഴിഞ്ഞു. യുവതാരങ്ങൾക്ക് അവസരം നൽകുന്ന യുണൈറ്റഡിന്റെ പ്രൊജക്ടിൽ താരം താൽപര്യമറിയിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ കളിക്കാനുള്ള താൽപര്യവും അൽവാരോയുടെ തീരുമാനത്തിന്റെ കാരണമാണ്.

പന്തടക്കവും വൺ ഓൺ വൺ സാഹചര്യങ്ങളിൽ മറികടക്കാൻ പ്രയാസവുമുള്ള താരമായാണ് റയൽ മാഡ്രിഡ് വെബ് സൈറ്റ് അൽവാരോയെ വിശേഷിപ്പിക്കുന്നത്. റയലിലെ എല്ലാവരോടും നന്ദി പറഞ്ഞ താരം ഈ ക്ലബിൽ കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പുതിയ വഴിയിലേക്കു നീങ്ങുകയാണെന്നും അറിയിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമിലേക്കാണു ചേക്കേറുകയെങ്കിലും സീനിയർ ടീമിലെത്താൻ കഴിയുന്ന താരമാണ് അൽവാരോ. ലെഫ്റ്റ് ബാക്കായി കളിക്കുന്ന താരം മികച്ച പ്രകടനം നടത്തിയാൽ ലൂക്ക് ഷാക്ക് പകരക്കാരനായെങ്കിലും ടീമിലിടം പിടിച്ച് ഉയർന്നു വരാനുള്ള സാധ്യതകളുണ്ട്.

Rate this post