ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ ഡൈനാമോ കീവിനെ തകർത്തു വിട്ടത്. ബാഴ്സക്ക് വേണ്ടി മെസ്സിയും പിക്വെയുമാണ് ഗോളുകൾ കണ്ടെത്തിയത്. പെനാൽറ്റിയിലൂടെ തന്നെയാണ് മെസ്സിയുടെ ഈ ഗോളും പിറന്നത്. ഇതോടെ ഈ ചാമ്പ്യൻസ് ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ജയം നേടാൻ കറ്റാലൻമാർക്കായി.
ഇന്നലത്തെ മത്സരത്തിൽ കളത്തിലിറങ്ങിയതോട് കൂടി മറ്റൊരു നേട്ടം കൂടി സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് ലയണൽ മെസ്സി. യുവേഫ കോമ്പിറ്റീഷനുകളിൽ 150 മത്സരങ്ങൾ പൂർത്തിയാക്കി എന്ന നാഴികകല്ലാണ് താരം പിന്നിട്ടത്. ചാമ്പ്യൻസ് ലീഗിൽ 146 മത്സരങ്ങളും യൂറോപ്യൻ സൂപ്പർ കപ്പിൽ നാലു മത്സരങ്ങളുമാണ് താരം കളിച്ചിട്ടുള്ളത്.ഈ മത്സരങ്ങളിൽ നിന്നായി 121 ഗോളുകളും മെസ്സി സ്വന്തം പേരിലാക്കി.
പതിനേഴുസീസണുകളിലായാണ് മെസ്സി ഈ നേട്ടം പിന്നിട്ടത്. ഡിസംബർ 2004-ലായിരുന്നു മെസ്സി തന്റെ യൂറോപ്യൻ അരങ്ങേറ്റം കുറിച്ചത്. അന്ന് ചാമ്പ്യൻസ് ലീഗിൽ ഷാക്തർ ഡോണസ്ക്കിനെതിരെയാണ് മെസ്സി ബാഴ്സ ജേഴ്സി അണിഞ്ഞത്. അന്ന് മുതൽ ഇതുവരെ 150 മത്സരങ്ങൾ മെസ്സി പിന്നിട്ടു കഴിഞ്ഞു. ഇക്കാലയളവിൽ ഏഴ് യൂറോപ്യൻ കിരീടങ്ങളും മെസ്സി നേടിയിട്ടുണ്ട്.
നാലു ചാമ്പ്യൻസ് ലീഗും മൂന്ന് യൂറോപ്യൻ സൂപ്പർ കപ്പുമാണ് മെസ്സിയുടെ സമ്പാദ്യം. 2006, 2009, 2011, 2015 എന്നീ വർഷങ്ങളിലാണ് മെസ്സി ബാഴ്സയ്ക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയത്. 2010, 2012, 2016 വർഷങ്ങളിലാണ് മെസ്സി യൂറോപ്യൻ സൂപ്പർ കപ്പ് ബാഴ്സക്കൊപ്പം നേടിയത്. ഏതായാലും മെസ്സിയുടെ ജൈത്രയാത്ര ഇവിടെ അവസാനിക്കുന്നില്ല. അത് താരം തുടർന്നു കൊണ്ടേയിരിക്കുകയാണ്.