പാരിസിൽ മെസ്സി മാജിക് ; പത്തു പേരുമായി പൊരുതിയ പിഎസ്ജി ക്ക് വിജയം നേടികൊടുത്ത് മിശിഹാ

സൂപ്പർ താരം ലയണൽ മുന്നിൽ നിന്നും നയിച്ച മത്സരത്തിൽ പിഎസ്ജി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എഫ്‌സി നാന്റസിനെതിരെ വിജയം നേടി. 65 ആം മിനുട്ടിൽ പത്തു പേരായി ചുരുങ്ങിയെങ്കിലും മെസ്സിയുടെ മാജിക്കിൽ ആണ് പിഎസ്ജി വിജയം നേടിയത്. മെസ്സി ഫ്രഞ്ച് ലീഗിലെ ആദ്യ ഗോൾ നേടുകയും ചെയ്തു.രണ്ടാം മിനിറ്റിൽ തന്നെ മത്സരത്തിലെ ആദ്യ ആക്രമണത്തിൽ നിന്ന് കൈലിയൻ എംബാപ്പെ ഗോൾ നേടിയതോടെ പാരീസ് സെന്റ് ജെർമെയ്‌നിന് മികച്ച തുടക്കം ലഭിച്ചു.ലിയാൻഡ്രോ പരേഡസിന്റെ ഷോട്ട് എംബാപ്പയുടെ കാലിൽ തട്ടിയാണ് നാന്റസ് വലയിൽ കയറിയത്.

എംബാപ്പെ, നെയ്മർ, മെസ്സി എന്നിവരുടെ അറ്റാക്കിംഗ്-ത്രയം തുടക്കം മുതൽ മനോഹരമായി കളിക്കുകയും ചെയ്തു. നാന്റസ് ഗോൾകീപ്പർ അൽബൻ ലാഫോണ്ടിന്റെ സമയോചിതമായ ഇടപെടലാണ് പല ഗോളവസരങ്ങളും നിഷേധിച്ചത്. 18 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ ബോക്‌സിനുള്ളിൽ നിന്നുള്ള ഷോട്ട് ഗോൾകീപ്പർ അൽബൻ ലാഫോണ്ട് ഉജ്ജ്വലമായി രക്ഷപ്പെടുത്തി. 30 ആം മിനുട്ടിൽ നെയ്മറിനും ഗോൾ കണ്ടെത്താനുള്ള അവസരം ലഭിച്ചു . ബ്രസീലിയൻ താരം ഗോളിലേക്ക് മാന്യമായ ഒരു ലോ ഷോട്ട് തൊടുത്തുവിടുകയും ചെയ്തു, പക്ഷേ അൽബൻ ലാഫോണ്ട് വീണ്ടും രക്ഷകനായി.

38 ആം മിനുട്ടിൽ ലയണൽ മെസ്സിക്ക് വീണ്ടും മികച്ചൊരു അവസരം ലഭിച്ചെങ്കിലും കീപ്പർ അൽബൻ ലാഫോണ്ടിനെ മറികടക്കാനായില്ല. എന്നാൽ രണ്ടാം പകുതിയിൽ കാര്യമാണ് മാറിമറിഞ്ഞു. ലുഡോവിക് ബ്ലാസിനെതിരെയുള്ള ഫൗളിന് ഗോൾ കീപ്പർ കെയ്‌ലർ നവാസിന് ചുവപ്പ് കാർഡ് ലഭിച്ചു. അതോടെ നെയ്മർക്ക് പകരക്കാരനായി ഗോൾകീപ്പർ റിക്കോ കളത്തിലിറങ്ങി. പാരീസ് പത്തു പേരായി ചുരുങ്ങിയതോടെ നാന്റസ് കൂടുതൽ മുന്നേറികളിച്ചു കൊണ്ടിരുന്നു. 77 ആം മിനുട്ടിൽ അതിന്റെ ഫഫലവും അവർക്ക് ലഭിച്ചു.റാൻഡൽ കോലോ മുവാനി മികച്ചൊരു മികച്ച ബാക്ക്-ഹീളിലൂടെ അവരെ ഒപ്പമെത്തിച്ചു.

82 ആം മിനുട്ടിൽ ദൗർഭാഗ്യകരമായ സാഹചര്യത്തിൽ നാന്റസ് ഗോൾ വഴങ്ങി.മെസ്സിയുടെ ക്രോസ് ഡെന്നിസ് അപ്പിയ സ്വന്തം വലയിലേക്ക് തട്ടിയകറ്റിയതോടെ പിഎസ്ജി ലീഡ് തിരിച്ചുപിടിച്ചു. അഞ്ച് മിനിറ്റിന് ശേഷം ബോക്‌സിന് പുറത്ത് നിന്ന് ഒരു ട്രേഡ് മാർക്ക് ഷോട്ടിലൂടെ മെസ്സി ലീഗിലെ ആദ്യ ഗോൾ നേടി.കൈലിയൻ എംബാപ്പെ ഒരു സമർത്ഥമായ പാസിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ പിറന്നത്.ഈ സീസണിൽ 14 മത്സരങ്ങളിൽ 12ലും ജയിച്ച പിഎസ്‌ജി ലീഗിൽ ഒന്നാം സ്ഥാനത്താണ്.

Rate this post