ലോകകപ്പ് അടുത്തിരിക്കെ മെസിക്കു പരിക്ക്, നാളത്തെ മത്സരത്തിനുള്ള സ്ക്വാഡിൽ നിന്നും പുറത്ത്

ലയണൽ മെസിക്ക് പരിക്കു പറ്റിയെന്നു സ്ഥിരീകരിച്ച് താരത്തിന്റെ ക്ലബായ പിഎസ്ജി. ആക്കിലസ് ഇഞ്ചുറിയാണ് താരത്തിനു പറ്റിയതെന്നും നാളെ ലോറിയന്റിനെതിരെ നടക്കുന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ താരം കളിക്കില്ലെന്നും പിഎസ്ജി സ്ഥിരീകരിച്ചു. ലോകകപ്പിനു മുൻപ് ഇനി രണ്ടു മത്സരങ്ങൾ മാത്രമാണ് പിഎസ്ജി കളിക്കാൻ ബാക്കിയുള്ളത്. അവസാന മത്സരത്തിൽ താരം കളിക്കുമോയെന്ന കാര്യം വ്യക്തമല്ല.

ലയണൽ മെസിക്കു പരിക്കേറ്റ വിവരം ആരാധകർക്ക് ആശങ്ക നൽകുന്ന ഒന്നാണെങ്കിലും അതു ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോകകപ്പ് അടുത്തിരിക്കെ മുൻകരുതൽ എന്ന നിലയിലാണ് താരം അടുത്ത മത്സരത്തിൽ കളിക്കാതിരിക്കുന്നത്. അടുത്തയാഴ്ച തന്നെ മെസി ടീമിനൊപ്പം പരിശീലനം പുനരാരംഭിക്കും.

ലോകകപ്പ് അടുത്തിരിക്കെ പിഎസ്ജി കരാറിലെ അർജന്റീന ക്ലോസ് മെസി ഉപയോഗിക്കുമെന്നും അങ്ങിനെയാണെങ്കിൽ ലോകകപ്പിനു മുൻപുള്ള ക്ലബിന്റെ അവസാന മത്സരത്തിൽ നിന്നും താരം വിട്ടു നിൽക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതു സംഭവിക്കുകയാണെങ്കിൽ ഇനി ലയണൽ മെസിയുടെ കളി അർജൻറീന ജേഴ്സിയിലേ കാണാൻ കഴിയൂ. താരം നേരത്തെ അർജനീന ക്യാമ്പിൽ ചേരുന്നുമുണ്ടാകും.

മുപ്പത്തിയഞ്ചു വയസുള്ള തന്റെ അവസാന ലോകകപ്പാണിതെന്നു നേരത്തെ വ്യക്തമാക്കിയ മെസി അതിലേക്ക് വളരെ സൂക്ഷിച്ചാണ് ചുവടുകൾ വെക്കുന്നതെന്നു വ്യക്തമാണ്. കരിയറിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ മെസിക്ക് ഇനി ബാക്കി നിൽക്കുന്നത് ലോകകപ്പ് മാത്രമാണ്. ടൂർണമെൻറിൽ അർജന്റീനക്ക് കിരീടം നേടാനുള്ള സാധ്യതയുമുണ്ട്.

Rate this post
Lionel MessiPsg