മെസ്സിയെയാണോ ക്രിസ്റ്റ്യാനോയെയാണോ ഡിഫന്റ് ചെയ്യാൻ കൂടുതൽ ബുദ്ധിമുട്ട്? ഡിയഗോ ഗോഡിൻ വെളിപ്പെടുത്തുന്നു

ലാലിഗയിൽ ഒരുപാട് കാലം എതിരാളികളായി കളിച്ച ഇതിഹാസങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഈ രണ്ട് താരങ്ങളുടെയും പീക്ക് സമയം അവർ ചിലവഴിച്ചത് ലാലിഗയിലായിരുന്നു. മാത്രമല്ല മറ്റൊരു ലാലിഗ വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ രണ്ടു താരങ്ങൾക്കും സാധിക്കുമായിരുന്നു.

ഇക്കാര്യം ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിന്റെ മുൻ ഡിഫൻഡർ ആയിരുന്ന ഡിയഗോ ഗോഡിൻ തുറന്ന് സമ്മതിച്ചിട്ടുണ്ട്.അതായത് ഈ രണ്ടു താരങ്ങൾക്കെതിരെയും തങ്ങൾ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് എന്നാണ് ഉറുഗ്വൻ ഡിഫൻഡർ പറഞ്ഞിട്ടുള്ളത്. ഈ രണ്ടുപേരും ലാലിഗയിൽ ഇല്ലായിരുന്നുവെങ്കിൽ അത്ലറ്റിക്കോ മാഡ്രിഡിന് ഒരുപാട് കിരീടങ്ങൾ നേടാൻ സാധിക്കുമായിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.

മാത്രമല്ല ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരിൽ ആരെയാണ് കൂടുതൽ ഡിഫൻഡ് ചെയ്യാൻ ബുദ്ധിമുട്ട് എന്നുള്ള ഒരു ചോദ്യം ഇദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു.അതിന് മറുപടിയായി കൊണ്ട് ലയണൽ മെസ്സി എന്നാണ് അദ്ദേഹം ഉത്തരം പറഞ്ഞത്.മെസ്സിയെ ഡിഫൻഡ് ചെയ്യാനാണ് താൻ കൂടുതൽ ബുദ്ധിമുട്ടിയത് എന്നുള്ളത് അദ്ദേഹം തുറന്നു സമ്മതിക്കുകയായിരുന്നു.ESPN നോട് സംസാരിക്കുകയായിരുന്നു ഗോഡിൻ.

‘ എന്നെ സംബന്ധിച്ചിടത്തോളം ലയണൽ മെസ്സിയെ ഡിഫൻഡ് ചെയ്യാനാണ് ഞാൻ കൂടുതൽ ബുദ്ധിമുട്ടിയത്.ഞാൻ യൂറോപ്പിൽ ഉണ്ടായിരുന്ന സമയത്തൊക്കെ ഞാൻ നിർഭാഗ്യവാനായിരുന്നു. കാരണം ഈ രണ്ടു താരങ്ങളെയും എനിക്ക് നേരിടേണ്ടി വരുമായിരുന്നു.അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും അവർ രണ്ടുപേരും ഒരുപാട് കിരീടങ്ങൾ തട്ടിയെടുത്തു. ലയണൽ മെസ്സി ഇല്ലാത്ത ബാഴ്സയും ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്ത റയൽ മാഡ്രിഡും ആയിരുന്നുവെങ്കിൽ ഞങ്ങൾക്ക് ലാലിഗ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവുമൊക്കെ ലഭിക്കുമായിരുന്നു.ഈ മോൺസ്റ്റേഴ്സിനെതിരെയാണ് ഞങ്ങൾക്ക് ദീർഘകാലം പോരാടേണ്ടി വന്നത് ‘ ഗോഡിൻ പറഞ്ഞു.

അത്ലറ്റിക്കോ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ട്.മാത്രമല്ല ലാലിഗയിൽ ബാഴ്സയും റയലും തകർപ്പൻ ഫോമിൽ കളിക്കുന്നതിനാൽ കിരീടം നേടുക എന്നുള്ളതൊക്കെ അത്ലറ്റിക്കോയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.ഇന്നിപ്പോൾ രണ്ട് താരങ്ങളും ലാലിഗ വിട്ടു കഴിഞ്ഞിട്ടുണ്ട്.

Rate this post