ഞാൻ ഗോളടിച്ച ഫൈനലിലൊന്നും തോറ്റിട്ടില്ല, അത് കരുതി ആശ്വസിച്ചു: ഹൃദയഭേദകമായ ആ നിമിഷത്തെക്കുറിച്ച് ഡി മരിയ പറയുന്നു

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ഫൈനൽ മത്സരം ഓരോ ആരാധകന്റെ മനസ്സിലും ഇപ്പോഴും ജ്വലിച്ചു നിൽക്കുന്ന ഒന്നായിരിക്കും. അത്രയേറെ ആവേശഭരിതമായ ഒരു മത്സരമായിരുന്നു നടന്നിരുന്നത്. രണ്ട് ഗോളുകൾ നേടിക്കൊണ്ട് അർജന്റീന കിരീടം ഉറപ്പിച്ച ഒരു ഘട്ടമുണ്ടായിരുന്നു.എന്നാൽ കിലിയൻ എംബപ്പേയുടെ വളരെ പെട്ടെന്നുള്ള രണ്ട് ഗോളുകൾ അർജന്റീനയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന രൂപത്തിലായിരുന്നു.

പിന്നീട് ലയണൽ മെസ്സി ഒരു ഗോൾ നേടിയപ്പോൾ അർജന്റീന കിരീടം ഉറപ്പിച്ചുവെന്ന് ആരാധകർ വിശ്വസിച്ചു. പക്ഷേ വീണ്ടും എംബപ്പേയുടെ പെനാൽറ്റി ഫ്രാൻസിന് സമനില നേടിക്കൊടുത്തു. ആ സന്ദർഭത്തിൽ ബെഞ്ചിൽ ഇരുന്നുകൊണ്ട് കരയുന്ന ഡി മരിയയെ നമുക്ക് കാണാമായിരുന്നു. ആ ഹൃദയഭേദകമായ നിമിഷത്തെക്കുറിച്ച് ഡി മരിയ ഇപ്പോൾ ഉള്ളു തുറന്ന് സംസാരിച്ചിട്ടുണ്ട്.

അതായത് എംബപ്പേ ഫ്രാൻസിലെ മൂന്നാം ഗോൾ നേടിയപ്പോൾ അർജന്റീന കിരീടം കൈവിട്ടുവെന്ന് താൻ കരുതിയിരുന്നു എന്നാണ് ഡി മരിയ പറഞ്ഞത്. താൻ ഗോളടിച്ച ഫൈനലുകളിൽ ഒന്നും തന്നെ പരാജയപ്പെട്ടിട്ടില്ല എന്നുള്ളത് ഓർത്തുകൊണ്ട് താൻ ആ സന്ദർഭത്തിലും ആശ്വാസം കൊണ്ടു എന്നുമാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്. അർജന്റീന നേടിയ രണ്ടാം ഗോൾ ഡി മരിയയായിരുന്നു നേടിയിരുന്നത്.

‘ എംബപ്പേ അദ്ദേഹത്തിന്റെ ഗോളുകൾ നേടിക്കഴിഞ്ഞപ്പോൾ എല്ലാം എന്റെ മുന്നിൽ വെച്ച് തകിടം മറിയുന്നതായി എനിക്ക് തോന്നി.ബെഞ്ചിൽ ഇരുന്നുകൊണ്ട് എന്റെ സഹതാരങ്ങളുമായി സംസാരിച്ച സമയത്ത്,ഞാൻ വിശ്വസിച്ചിരുന്നത് അർജന്റീന കിരീടം കൈവിട്ടു എന്നുള്ളതായിരുന്നു. പക്ഷേ ഞാൻ ഗോൾ നേടിയ ഫൈനലുകളിൽ ഒന്നും തന്നെ പരാജയപ്പെട്ടിട്ടില്ല എന്നുള്ളത് ഞാൻ ഓർമിച്ചെടുക്കുകയായിരുന്നു. അത് ഓർമിച്ചുകൊണ്ട് ഞാൻ ആശ്വാസം തേടി.നമ്മൾ പരാജയപ്പെടില്ല എന്നുള്ളത് ഞാൻ എന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. ഒടുവിൽ അത് തന്നെ പുലർന്നു ‘ ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.

ഒട്ടേറെ സംഭവങ്ങൾ അരങ്ങേറിയ ആ ഫൈനലിൽ ഒടുവിൽ അർജന്റീന പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കുകയായിരുന്നു. അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിന്റെ തന്ത്രങ്ങൾക്കുമുന്നിൽ ഫ്രാൻസ് താരങ്ങൾക്ക് അടിതെറ്റുകയായിരുന്നു.

Rate this post