❛അവർക്ക് ഒരുപാടു മികച്ച താരങ്ങളുണ്ടാവാം, പക്ഷെ ഡിബാലയെ പോലെയൊരു താരമില്ല❜-മൊറിഞ്ഞോ

ഖത്തർ വേൾഡ് കപ്പിൽ കിരീടം നേടിയതിനു ശേഷം തന്റെ ക്ലബ്ബായ റോമയിലേക്ക് മടങ്ങിയെത്തിയ പൗലോ ഡിബാല തീപ്പൊരി ഫോമിലാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും റോമ വിജയിക്കാനുള്ള ഒരേ ഒരു കാരണം ഡിബാലയുടെ മാസ്മരിക പ്രകടനമാണ്. കഴിഞ്ഞ മത്സരത്തിൽ സ്പസിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ അവിടെയും തിളങ്ങി നിന്നത് ഡിബാല തന്നെയായിരുന്നു.

രണ്ട് അസിസ്റ്റുകളായിരുന്നു ഡിബാല സ്വന്തമാക്കിയിരുന്നത്.45ആം മിനുട്ടിൽ എൽ ഷറാവി നേടിയ ഗോളിനും 49ആം മിനുട്ടിൽ എബ്രഹാം നേടിയ ഗോളിനും അസിസ്റ്റ് നൽകിയത് ഡിബാലയായിരുന്നു. ഇതോടുകൂടി അവസാനത്തെ മൂന്നു മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോൾ കോൺട്രാബ്യൂഷൻസ് ആണ് ഡിബാല നടത്തിയിട്ടുള്ളത്.

ജെനോവക്കെതിരെയുള്ള കോപ്പ ഇറ്റാലിയ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റോമ വിജയിച്ചിരുന്നത്. ആ ഗോൾ നേടിക്കൊണ്ട് റോമയെ മുന്നോട്ടുകൊണ്ടുപോയത് ഡിബാലയായിരുന്നു. അതിനുശേഷമാണ് ഇറ്റാലിയൻ ലീഗിൽ ഫിയോറെന്റിനയെ റോമ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്.ആ രണ്ടു ഗോളുകളും നേടിയത് ഡിബാലയായിരുന്നു. ഇപ്പോഴിതാ സ്പസിയക്കെതിരെയുള്ള മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് റോമയെ വിജയത്തിലേക്ക് നയിക്കാനും താരത്തിന് കഴിഞ്ഞു.

ഇന്ന് നടക്കുന്ന മത്സരത്തിൽ റോമയുടെ എതിരാളികൾ ഒന്നാം സ്ഥാനക്കാരായ നാപോളിയാണ്. ഈ മത്സരത്തിന് മുന്നോടിയായുള്ള പ്രസ് കോൺഫറൻസിൽ ഡിബാലയെ പ്രശംസിച്ചുകൊണ്ട് മൊറിഞ്ഞോ രംഗത്ത് വന്നിട്ടുണ്ട്.നാപോളിക്ക് ഒരുപാട് മികച്ച താരങ്ങൾ ഉണ്ടെന്നും എന്നാൽ അവരാരും തന്നെ ഡിബാലയുടെ ലെവലിൽ ഉള്ളവരല്ല എന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.മൊറിഞ്ഞോയുടെ വാക്കുകൾ ഇങ്ങനെയാണ്.

‘ ഡിബാലയുടെ ലെവലിൽ ഉള്ള താരങ്ങൾ ആരുംതന്നെ നാപോളിയിൽ ഇല്ല.അവർക്ക് ഒരുപാട് മികച്ച താരങ്ങൾ ഉണ്ട്.ഒരുപാട് മികച്ച താരങ്ങൾ അവർക്കുണ്ട്. പക്ഷേ ഡിബാലയെ പോലെ ആരുമില്ല ” ഇതാണ് റോമ കോച്ച് പറഞ്ഞത്.നിലവിൽ നാപോളി തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.19 മത്സരങ്ങളിൽ നിന്ന് 50 പോയിന്റാണ് നാപോളിയുടെ സമ്പാദ്യം.19 മത്സരങ്ങളിൽ നിന്ന് 37 പോയിന്റാണ് റോമക്കുള്ളത്.ആറാം സ്ഥാനത്താണ് നിലവിൽ ഉള്ളത്.

Rate this post