കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ രണ്ട് ഭാഗങ്ങളിലുമായി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി ബയേണിനോട് പരാജയപ്പെട്ടത്.പതിവ് കഥ പോലെ ഒരിക്കൽ കൂടി പിഎസ്ജി ക്വാർട്ടർ ഫൈനൽ കാണാതെ പുറത്താവുകയായിരുന്നു.കന്നി ചാമ്പ്യൻസ് ലീഗ് കിരീടം എന്നത് ഇപ്പോഴും പിഎസ്ജിക്ക് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.
ലയണൽ മെസ്സി ഉൾപ്പടെയുള്ള മികച്ച താരങ്ങൾ ഉണ്ടായിട്ടും ജർമ്മൻ ക്ലബ്ബിന് ഒരു വെല്ലുവിളി പോലും ഉയർത്താൻ പാരീസിന് കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ പിഎസ്ജി ആരാധകർ കടുത്ത നിരാശയിലാണ്.മാത്രമല്ല വലിയ വിമർശനങ്ങളാണ് പിഎസ്ജി താരങ്ങൾക്ക് ഏൽക്കേണ്ടി വരുന്നത്.പ്രത്യേകിച്ച് ലയണൽ മെസ്സിക്കെതിരെ നിരവധി വിമർശനങ്ങൾ ആരാധകരിൽ നിന്നും ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റുമാരിൽ നിന്നും ഏൽക്കേണ്ടി വന്നിട്ടുണ്ട്.
ഈ വിമർശനങ്ങളോട് ഇപ്പോൾ പിഎസ്ജി പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ പ്രതികരിച്ചിട്ടുണ്ട്.അതായത് ലയണൽ മെസ്സി മാത്രമല്ല ബയേണിനെതിരെ കളിച്ചത് എന്ന രൂപത്തിലാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഈ സീസണിൽ പലപ്പോഴും ക്ലബ്ബിന്റെ നിർണായകമായിട്ടുള്ള താരമാണ് ലയണൽ മെസ്സിയെന്നും ഗാൾട്ടിയർ കൂട്ടിച്ചേർത്തിട്ടുണ്ട്.പുതിയ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പിഎസ്ജി പരിശീലകൻ.
‘ബയേണിനെതിരെയുള്ള മത്സരത്തിന്റെ പേരിൽ ലയണൽ മെസ്സിക്ക് എതിരെയുള്ള ചില വിമർശനങ്ങൾ ഞാൻ കണ്ടിരുന്നു.പക്ഷേ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം,ആ മത്സരത്തിൽ മെസ്സി ഒറ്റക്കല്ല കളിച്ചിട്ടുള്ളത്.പലപ്പോഴും ക്ലബ്ബിന് നിർണായകമായ താരമാണ് മെസ്സി.ടീമിന്റെ വളരെ പ്രധാനപ്പെട്ട താരവുമാണ് അദ്ദേഹം.അദ്ദേഹം എല്ലാ ദിവസവും ട്രെയിനിങ് ചെയ്യാറുണ്ട്,മാത്രമല്ല കളിക്കുന്ന കാര്യത്തിൽ വളരെയധികം ഹാപ്പിയുമാണ്.പക്ഷേ അദ്ദേഹത്തിന്റെ ഭാവി എന്താകും എന്നുള്ളത് നമുക്കിപ്പോൾ പറയാൻ കഴിയില്ല ‘ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
Christophe Galtier on Messi: “I saw some criticisms about Bayern’s match but Leo was not the only one. He was very often decisive. Leo is an important player. He trains every day & is always happy to play, On his future, it’s far too early to know what will happen.”
— PSG Report (@PSG_Report) March 17, 2023
അതായത് ലയണൽ മെസ്സി അടുത്ത സീസണിൽ പാരീസിൽ ഉണ്ടാവുമോ എന്നുള്ളത് ഇപ്പോഴും ഉറപ്പാവാത്ത കാര്യമാണ്.മെസ്സി ക്ലബ്ബിനകത്ത് ഹാപ്പിയാണെന്ന് അധികൃതർ വ്യക്തമാക്കുമ്പോഴും മെസ്സി പൂർണ്ണമായും ഹാപ്പിയല്ല എന്ന് തന്നെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.പ്രത്യേകിച്ച് ടീമിന്റെ ഈയൊരു മോശം പ്രകടനത്തിൽ മെസ്സിക്ക് കടുത്ത എതിർപ്പുണ്ട്.