യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി പുറത്തായതോടുകൂടി ലയണൽ മെസ്സി ക്ലബ്ബ് വിടും എന്നുള്ള വാർത്തകൾ സജീവമാണ്.മെസ്സിയുടെ കരാർ അവസാനിക്കാൻ ഇനി കേവലം മാസങ്ങൾ മാത്രമാണ് ഉള്ളത്.ഇതുവരെ ലയണൽ മെസ്സി കോൺട്രാക്ട് പുതുക്കാത്തതിനാൽ ഇനി പുതുക്കാൻ സാധ്യതയില്ല എന്നാണ് പലരും കണ്ടെത്തിയിട്ടുള്ളത്.വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മെസ്സി പാരീസ് വിട്ടുകൊണ്ട് മറ്റേതെങ്കിലും തട്ടകത്തിലേക്ക് പോകുമെന്ന് പലരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ ലിയോ മെസ്സിയുടെ ഭാവി പദ്ധതികൾ എന്തൊക്കെയാണ് എന്നുള്ളത് അർജന്റീനയിലെ പ്രശസ്ത മാധ്യമപ്രവർത്തകനായ ഹെർനൻ ക്ലോസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഒരുപാട് കാര്യങ്ങളെക്കുറിച്ച് ഇദ്ദേഹം വ്യക്തമായ വിവരങ്ങൾ നൽകിയിട്ടുണ്ട്.അതായത് ലയണൽ മെസ്സി ചാമ്പ്യൻസ് ലീഗിലെ അവസാന മത്സരം കളിച്ചുകഴിഞ്ഞുവെന്നും ഇനി യൂറോപ്പിൽ ഉണ്ടാവില്ല എന്നുമായിരുന്നു വ്യാപകമായി പുറത്തേക്ക് വന്നിരുന്ന ഒരു റിപ്പോർട്ട്.
എന്നാൽ ഈ മാധ്യമപ്രവർത്തകൻ അതിനെ പൂർണ്ണമായും തള്ളിക്കളഞ്ഞു.അതായത് ചുരുങ്ങിയത് ഒരു വർഷമെങ്കിലും യൂറോപ്പ്യൻ ഫുട്ബോളിൽ തന്നെ തുടരാനാണ് മെസ്സിയുടെ തീരുമാനം.അടുത്ത വർഷം കോപ്പ അമേരിക്ക നടക്കുന്നുണ്ട്. അതിനുശേഷം മാത്രമേ യൂറോപ്പ് വിടുന്നതിനെക്കുറിച്ച് ലിയോ മെസ്സി ആലോചിക്കുകയുള്ളൂ.ഇനി ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട സംശയം,എഫ്സി ബാഴ്സലോണയിലേക്ക് മെസ്സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തിരിച്ചെത്തുമോ എന്നുള്ളതാണ്.
അതിന് സാധ്യതകൾ കുറവാണ് എന്നാണ് ക്ലോസ് പറയുന്നത്.ബാഴ്സക്ക് ഇപ്പോഴും സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട്.അതുകൊണ്ടുതന്നെ അവർ ഇതുവരെ മെസ്സിക്ക് ഓഫറുകൾ ഒന്നും തന്നെ നൽകിയിട്ടില്ല.മാത്രമല്ല ലാപോർട്ടയും മെസ്സിയും തമ്മിൽ അത്ര നല്ല ബന്ധത്തിൽ അല്ല.അതുകൊണ്ടുതന്നെ നിലവിൽ മെസ്സി ബാഴ്സയിലേക്ക് എത്താൻ സാധ്യത കുറവാണ്.പക്ഷേ മെസ്സിയും അദ്ദേഹത്തിന്റെ കുടുംബവും ബാഴ്സയെ സ്നേഹിക്കുന്നത് കൊണ്ട് ഈ സാധ്യതകളെ പൂർണ്ണമായും തള്ളിക്കളയാൻ കഴിയില്ല.
🗣️ @hernanclaus: “Barcelona option? Barça did not make any offer and is with financial problems, beyond that the relationship between Messi and Laporta is not very good. The favor is the city where Messi loves and his family is happy. And that's we never have to close the door.”
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 10, 2023
അമേരിക്കയിലെ പ്രശസ്ത ക്ലബ്ബായ ഇന്റർ മിയാമിലേക്ക് മെസ്സി എത്തുമോ എന്നുള്ളത് മറ്റൊരു ചോദ്യമാണ്.എന്നാൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും യൂറോപ്പിൽ തുടരാൻ തീരുമാനിച്ച സ്ഥിതിക്ക് വരുന്ന സമ്മറിൽ മെസ്സി ഇന്റർ മിയാമിയിലേക്ക് പോവില്ല.അടുത്ത വർഷത്തെ കോപ്പ അമേരിക്കക്ക് ശേഷം മെസ്സി ഇക്കാര്യം തീരുമാനിക്കും.നിലവിൽ പിഎസ്ജിയുമായി ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കാൻ ആണ് മെസ്സി ആലോചിക്കുന്നത്.ക്ലബ്ബിൽ ഹാപ്പി അല്ലെങ്കിലും 2024 കോപ്പ അമേരിക്ക വരെ പാരീസിൽ തന്നെ തുടരുക എന്നുള്ള പദ്ധതിയാണ് നിലവിൽ മെസ്സിയുടെ മുന്നിലുള്ളത്.