ബാഴ്സലോണ നേതൃത്വവുമായുള്ള പ്രശ്നങ്ങളും അതേത്തുടർന്നുള്ള വിവാദങ്ങളെയും മെസി മറികടന്നുവെന്നും അർജന്റീനക്കൊപ്പം താരം സന്തോഷനായി മത്സരങ്ങൾക്ക് ഒരുങ്ങുകയാണെന്നും പരിശീലകൻ സ്കലോനിയുടെ വെളിപ്പെടുത്തൽ. ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കു മുൻപ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എല്ലാ പ്രശ്നങ്ങളും തീർന്നതിനു ശേഷം ഞാൻ മെസിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം ശാന്തനാണ്. ടീമിനൊപ്പം ചേർന്നതിനു ശേഷം വളരെ നേരം ഞങ്ങൾ പരസ്പരം സംസാരിക്കുകയുണ്ടായി. അർജന്റീനക്കൊപ്പവും ബാഴ്സയിലും അദ്ദേഹം സന്തോഷവാനാണ്.” സ്കലോനി പറഞ്ഞു.
“അദ്ദേഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് ഫിറ്റ്നസ് വീണ്ടെടുത്ത് കളിക്കുകയാണു ഞങ്ങൾക്കു വേണ്ടത്. ബാഴ്സയിൽ തന്നെ തുടർന്നത് അദ്ദേഹത്തിനു വളരെ പെട്ടന്ന് ടീമുമായി ഇണങ്ങിച്ചേരാൻ സഹായിക്കും. എന്നാൽ ഒരു താരത്തിന്റെ സ്വകാര്യമായ താൽപര്യങ്ങളിൽ ഇടപെടാൻ ഞങ്ങൾ താൽപര്യപ്പെടുന്നില്ല.” അദ്ദേഹം വ്യക്തമാക്കി.
ദീർഘനാളുകൾക്കു ശേഷം മെസി അർജൻറീന ജേഴ്സിയിൽ കളിക്കാനിറങ്ങുന്നതു കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഈ സീസണു ശേഷം കോപ അമേരിക്ക ടൂർണമെൻറ് നടക്കാനിരിക്കെ നിർണായകമാണ് അർജൻറീനക്ക് ഈ മത്സരങ്ങൾ.