ഗോളിൽ മാത്രം നെയ്മർ, ബാക്കിയുള്ളതിലെല്ലാം മെസ്സി,ലീഗ് വൺ കീഴടക്കി പ്ലേ മേക്കർ മെസ്സി

ഈ ലീഗ് വൺ സീസൺ അത്യുഗ്രൻ പ്രകടനമാണ് പാരിസ് സെന്റ് ജർമെയ്ൻ പുറത്തെടുക്കുന്നത്. 7 മത്സരങ്ങളിൽ നിന്ന് 19 പോയിന്റ് നേടിയ പിഎസ്ജി തന്നെയാണ് ഒന്നാമത്. ഈ മികവിന് ക്ലബ്ബ് ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് മുന്നേറ്റ നിരയോടാണ്. മെസ്സിയും നെയ്മറും എംബപ്പേയും അപാര ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

പക്ഷേ ഇതിൽ മെസ്സിയുടെ പ്രകടനം,അതൊന്ന് വേറെ തന്നെയാണ്. കാരണം ഗോളിന്റെ കാര്യം മാറ്റി നിർത്തിയാൽ ബാക്കി എല്ലാത്തിലും ഒന്നാമനായി നിൽക്കുന്നത് ലയണൽ മെസ്സി തന്നെയാണ്. മെസ്സിയെന്ന സ്ട്രൈക്കറെകാൾ ഉപരി മെസ്സിയെന്ന പ്ലേ മേക്കറെയാണ് ഫ്രഞ്ച് ലീഗിന് ലഭിച്ചിട്ടുള്ളത്. കണക്കുകൾ സംസാരിക്കുന്നതും അതിനെക്കുറിച്ച് തന്നെയാണ്.

ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം നെയ്മർ ജൂനിയറാണ്. 8 ഗോളുകളാണ് നെയ്മർ നേടിയിട്ടുള്ളത്.ഇതിന് ശേഷമാണ് മെസ്സിയുടെ ആധിപത്യം വരുന്നത്.ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം മെസ്സിയാണ്.7 അസിസ്റ്റുകളാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. ഇനി ഫ്രഞ്ച് ലീഗിൽ ഏറ്റവും കൂടുതൽ ബിഗ് ചാൻസുകൾ സൃഷ്ടിച്ച താരവും മെസ്സി തന്നെയാണ്. 10 വലിയ ഗോളവസരങ്ങളാണ് മെസ്സി ക്രിയേറ്റ് ചെയ്തിട്ടുള്ളത്.

ലീഗിൽ ഏറ്റവും കൂടുതൽ കീ പാസുകൾ നൽകിയ താരവും ലയണൽ മെസ്സി തന്നെയാണ്. 22 കീ പാസുകളാണ് മെസ്സി പിഎസ്ജിയുടെ മത്സരങ്ങളിൽ നൽകിയിട്ടുള്ളത്.ഇനി ഡ്രിബിളുകളുടെ കാര്യമെടുത്ത് പരിശോധിച്ചാലും മെസ്സി ഒന്നാം സ്ഥാനത്താണ്. 30 തവണയാണ് ലയണൽ മെസ്സി വിജയകരമായി കൊണ്ട് എതിരാളികളെ മറികടന്നിട്ടുള്ളത്. ഇക്കാര്യത്തിൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ തന്നെ മെസ്സി ഒന്നാമതാണ്.

കഴിഞ്ഞ സീസണിൽ പലപ്പോഴും വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന മെസ്സി സീസണിന്റെ തുടക്കത്തിൽ തന്നെ കയ്യടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഗോളുകളുടെ കാര്യത്തിൽ കൂടി കുറച്ച് മികവ് പുലർത്തിയാൽ പഴയ മെസ്സിയായി എന്നാണ് ആരാധകരുടെ ഭാഷ്യം. പിഎസ്ജിയിലെ സഹതാരങ്ങളെ പോലെ മെസ്സിയും ഗോൾ അടിക്കുന്നതിനു മുൻഗണന നൽകണമെന്ന് ട്വിറ്ററിൽ ചില ആരാധകർ ആവശ്യപ്പെടുന്നുണ്ട്.

Rate this post