പിഎസ്‌ജിയിൽ സ്ഥിരമായി സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്നതിനോട് മെസിയുടെ പ്രതികരണമിങ്ങനെ

ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ മെസി കഴിഞ്ഞ സീസണിലുണ്ടായ തിരിച്ചടികളെ മറികടന്ന് ഈ സീസണിൽ തന്റെ ഫോം വീണ്ടെടുത്തു തുടങ്ങിയിട്ടുണ്ട്. സീസണിൽ എട്ടു മത്സരങ്ങൾ കളിച്ച താരം നാല് ഗോളുകളും ഏഴ് അസിസ്റ്റുമാണ് ഇതുവരെ സ്വന്തമാക്കിയത്. മെസിക്കൊപ്പം നെയ്‌മർ, എംബാപ്പെ എന്നീ താരങ്ങൾ കൂടുതൽ ഒത്തിണക്കം കാണിക്കുകയും ക്ലബ് പരിശീലകനായ ഗാൾറ്റിയറുടെ തന്ത്രങ്ങൾ വിജയം കണ്ടു വരികയും ചെയ്യുമ്പോൾ ഈ സീസണിൽ പിഎസ്‌ജി മികച്ച പ്രകടനം നടത്തി മുന്നോട്ടു പോവുകയാണ്.

പിഎസ്‌ജിയുടെ ആദ്യ ഇലവനിൽ മെസി സ്ഥിരസാന്നിധ്യമാണെങ്കിലും ഇപ്പോൾ പല മത്സരങ്ങളിലും ഫ്രഞ്ച് പരിശീലകൻ അർജന്റീന താരത്തിനു പകരക്കാരെ ഇറക്കാറുണ്ട്. ലയണൽ മെസി സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്നത് താരത്തിന്റെ ആരാധകർക്ക് അത്ര പരിചയമുള്ള കാര്യമല്ല. ബാഴ്‌സലോണയിലും അർജന്റീനയിലും മുഴുവൻ സമയവും കളിച്ചിരുന്ന മെസിക്ക് പരിക്കു പറ്റിയാലാണ് പകരക്കരായി താരങ്ങൾ കൂടുതലും ഇറങ്ങിയിരുന്നത്. അതുകൊണ്ടു തന്നെ മെസിയെ സ്ഥിരമായി പിൻവലിക്കുന്നത് പല ആരാധകരുടെയും നെറ്റി ചുളിപ്പിച്ചിട്ടുമുണ്ട്.

എന്നാൽ തന്നെ മത്സരത്തിനിടെ പിൻവലിക്കുന്നതിൽ മെസിക്കു യാതൊരു പ്രശ്‌നവുമില്ലെന്നും താരം അതിൽ ശാന്തനാണെന്നുമാണ് എൽ ഫുട്‍ബോളേരയുടെ ജേർണലിസ്റ്റായ സെബാസ്റ്റ്യൻ വിഗ്നോളോ റിപ്പോർട്ടു ചെയ്യുന്നത്. ലോകകപ്പ് അടുത്തിരിക്കെ തന്റെ ഫിറ്റ്നസ് കൃത്യമായി സംരക്ഷിച്ചു പോരാൻ മെസി ശ്രദ്ധ ചെലുത്തുന്നുണ്ട്. ഖത്തർ ലോകകപ്പിന് ഏറ്റവും മികച്ച രീതിയിൽ ഇറങ്ങി കിരീടത്തിനായി പൊരുതുകയെന്നതിന് മെസി എല്ലായിപ്പോഴും മുൻഗണന നൽകുന്നു.

യുവന്റസിനെതിരെ നടന്ന കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിലടക്കം ഈ സീസണിലിതു വരെ മൂന്നു തവണയാണ് മത്സരം അവസാനിക്കുന്നതിനു മുൻപ് ഗാൾട്ടിയർ ലയണൽ മെസിക്ക് പകരക്കാരെ ഇറക്കിയിരിക്കുന്നത്. എല്ലാ മത്സരങ്ങളിലും എൺപതാം മിനുട്ടിനു ശേഷമാണ് താരം പിൻവലിക്കപ്പെട്ടതെന്നത് ടീമിൽ മെസിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. മുന്നേറ്റനിരയിലെ മൂന്നു താരങ്ങളും ടീമും ഫോമിൽ നിൽക്കെ ഈ സീസണിൽ യൂറോപ്പിലെ എല്ലാ കിരീടങ്ങളും നേടാൻ ഫ്രഞ്ച് ക്ലബിനു കരുത്തുണ്ട്.

ഇത്തവണ ലോകകപ്പിന് വളരെയധികം പ്രതീക്ഷകളോടെയാണ് ലയണൽ മെസിയും അർജന്റീനയും എത്തുന്നത്. അർജന്റീന ടീം മെസിയുടെ കാലുകളെ വളരെയധികം ആശ്രയിക്കുന്നുണ്ടെന്നതിനാൽ ഫിറ്റ്നസ് ഉറപ്പു വരുത്തേണ്ടത് അനിവാര്യമായ കാര്യമാണ്. എംബാപ്പെ, നെയ്‌മർ എന്നീ സൂപ്പർതാരങ്ങൾ കൂടെയുള്ളതിനാൽ പിഎസ്‌ജിയിൽ കുറച്ചുകൂടി അനായാസമായി കളിക്കാനും താരത്തിന് കഴിയുന്നുണ്ട്.

Rate this post
ArgentinaLionel MessiPsg