നാപോളിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം മത്സരം നിയന്ത്രിച്ച പ്രധാന റഫറിയായ കുനെയ്ട് സെക്കീറിന് കൈ കൊടുക്കാൻ വിസമ്മതിച്ച് ബാഴ്സ നായകൻ മെസിയുടെ പ്രതിഷേധം. മത്സരത്തിൽ ബാഴ്സക്ക് അനുകൂലമായി നൽകേണ്ട തീരുമാനങ്ങൾ എടുക്കാൻ വൈകിയതും മെസി നേടിയ രണ്ടാമത്തെ ഗോൾ നിഷേധിച്ചതുമാണ് റഫറിക്കെതിരെ പ്രതികരിക്കാൻ കാരണമായതെന്നാണ് കരുതേണ്ടത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡി ജോംഗിന്റെ പാസിൽ നിന്നും മെസി മത്സരത്തിലെ മൂന്നാം ഗോൾ നേടിയിരുന്നു. എന്നാൽ പന്ത് മെസിയുടെ കയ്യിൽ കൊണ്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് റഫറി തീരുമാനം വിഎആറിനു വിടുകയും ശേഷം കയ്യിൽ തട്ടിയിട്ടുണ്ടെന്നു തോന്നിയതിനെ തുടർന്ന് ഗോൾ നിഷേധിക്കുകയുമായിരുന്നു. എന്നാൽ പന്തു കയ്യിൽ തട്ടിയിട്ടില്ലെന്നാണ് മെസി വാദിച്ചത്.
അതിനു പിന്നാലെ കൂളിബാളി മെസിയെ ബോക്സിനുള്ളിൽ മാരകമായ രീതിയിൽ ഫൗൾ ചെയ്തിട്ടും അതു റഫറി കണ്ടില്ലെന്നു നടിച്ചു. കുറച്ചു നേരത്തിനു ശേഷമാണ് അത് വീഡിയോ അസിസ്റ്റന്റിനു വിട്ടതും പരിശോധിച്ചതിനു ശേഷം പെനാൽട്ടി അനുവദിച്ചതും. ഈ തീരുമാനങ്ങളൊന്നും ബാഴ്സ വിജയം നേടുന്നതിനെ ബാധിച്ചില്ലെങ്കിലും മെസി റഫറിക്കെതിരെ മെസിക്ക് അതൃപ്തി വ്യക്തമായിരുന്നു.
മത്സരത്തിനു ശേഷം മെസിക്കു നേരെ റഫറി കൈ നീട്ടിയപ്പോൾ ബാഴ്സ നായകൻ അതു നിഷേധിക്കുകയായിരുന്നു. അതിനു പുറമേ വിരൽ ചൂണ്ടി ദേഷ്യത്തിൽ എന്തൊക്കെയോ പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണിപ്പോൾ.