ഫുട്ബോൾ ലോകത്ത് മെസിയാണോ റൊണാൾഡോയാണോ ഏറ്റവും മികച്ച താരമെന്ന ചോദ്യത്തിനു മറുപടി പറഞ്ഞ് ബാഴ്സലോണയുടെയും പോർച്ചുഗലിന്റെയും മുന്നേറ്റനിര താരമായ ഫ്രാൻസിസ്കോ ട്രിൻകാവോ. ഇന്നലെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങത്തിൽ സ്പെയിനെ നേരിട്ടതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ ആയിരുന്നു ഇരുപതുകാരനായ താരത്തിന്റെ പ്രതികരണം.
ഇരുതാരങ്ങൾക്കുമൊപ്പം കളിക്കുന്നതു കൊണ്ട് പക്ഷം പിടിക്കാതെയുള്ള പ്രതികരണമാണ് ട്രിൻകാവോ നടത്തിയത്. “ഇരു താരങ്ങൾക്കുമൊപ്പം കളിക്കാൻ കഴിഞ്ഞു എന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. എന്നാൽ അതിലാരാണു മികച്ചതെന്നു പറയുക അസാധ്യവും.” ആർടിപി 3യോട് മത്സരശേഷം ട്രിൻകാവോ പറഞ്ഞു.
സ്പെയിനെതിരെ സമനിലയിൽ പിരിഞ്ഞ മത്സരം വളരെ കടുപ്പമായിരുന്നു എന്നും ട്രിൻകാവോ വെളിപ്പെടുത്തി. എന്നാൽ കരുത്തരായ ടീമിനെതിരെ തുടക്കം മുതൽ ഇറങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ടീമിൽ ഇടം നൽകുന്നത് കോച്ചിന്റെ തീരുമാനം പോലെയായിരിക്കുമെന്നും താരം വെളിപ്പെടുത്തി.
ഈ സീസണിന്റെ തുടക്കത്തിലാണ് പോർച്ചുഗീസ് ക്ലബ് ബ്രാഗയിൽ നിന്നും 31 മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ ട്രിൻകാവോ ബാഴ്സയിലെത്തുന്നത്. കഴിഞ്ഞ മൂന്നു കളികളിലും പകരക്കാരനായി ഇറങ്ങിയ താരം പോർച്ചുഗലിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്കും നിറം പകരുന്നുണ്ട്.