പ്രീക്വാർട്ടറിൽ മെസ്സിയും സുവാരസും കിടിലൻ ഗോളുകൾ നേടി, തോൽക്കാതെ രക്ഷപ്പെട്ട് മിയാമി..

അമേരിക്കൻ ക്ലബ്ബുകൾ തമ്മിൽ മത്സരിക്കുന്ന കോൺകകാഫ് ചാമ്പ്യൻസ് കപ്പിൽ ഗംഭീര തിരിച്ചുവരവിലൂടെ തോൽവിയിൽ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ് ലിയോ മെസ്സിയുടെയും സുവാറസിന്റെയും ഇന്റർമിയാമി ടീം. ശക്തരായ നാഷ്വിലെക്കെതിരെ അവരുടെ സ്റ്റേഡിയത്തിൽ വെച്ച് നടന്ന പ്രീക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ആദ്യ പാദത്തിലാണ് തോൽവിയിൽ നിന്നും ഇന്റർമിയാമി രക്ഷപ്പെട്ടത്.

മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ സ്വന്തം ആരാധകർക്ക് മുന്നിൽ ലീഡ് നേടി ഹോം ടീം മികച്ച തുടക്കം കുറിച്ചപ്പോൾ ആദ്യ പകുതി മനോഹരമായി ഒരു ഗോൾ ലീഡിന് അവസാനിപ്പിക്കുവാൻ നാഷ്വില്ലേക്ക് കഴിഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 46 മിനിറ്റിൽ മത്സരത്തിലെ രണ്ടാമത്തെ ഗോളും സ്കോർ ചെയ്ത ഹോം ടീം ലീഡ് രണ്ടായി ഉയർത്തിയതോടെ ആദ്യ പാദം സ്വന്തമാക്കിയെന്ന് കരുതി, പക്ഷെ പിന്നീട് മിയാമിയുടെ തിരിച്ചുവരവായിരുന്നു.

52 മിനിറ്റിൽ ലിയോ മെസ്സി നേടുന്ന തകർപ്പൻ ഗോളിലൂടെ ഒരു ഗോൾ തിരിച്ചടിച്ച ഇന്റർമിയാമി സമനില ഗോളിന് വേണ്ടി പരിശ്രമങ്ങൾ തുടർന്നു. തുടർന്ന് മത്സരത്തിന്റെ അവസാനനിമിഷം 95 മിനിറ്റിൽ ലൂയിസ് സുവാറസിന്റെ ഹെഡ്ഡർ ഗോളിലൂടെയാണ് ഇന്റർമിയാമി സമനില സ്വന്തമാക്കി മടങ്ങുന്നത്.

പ്രീക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ആദ്യപാദം അവസാനിച്ചതോടെ ഇന്ത്യൻ സമയം മാർച്ച് 14ന് രാവിലെ 5 : 45 നടക്കുന്ന രണ്ടാം പാദ മത്സരത്തിന് വേണ്ടിയാണു ആരാധകർ കാത്തിരിക്കുന്നത്, ഈ മത്സരം ഫ്ലോറിഡയിലെ സ്റ്റേഡിയത്തിൽ വെച്ചാണ് അരങ്ങേറുന്നത്. അതേസമയം ഇതിനു മുൻപായി നിലവിൽ മേജർ സോക്കർ ലീഗിലെ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്തുള്ള ഇന്റർമിയാമിക്ക് മാർച്ച് 11ന് ഇന്ത്യൻ സമയം രാവിലെ 2:30ന് ലീഗ് മത്സരം അരങ്ങേറാനുണ്ട്.