പരിശീലനത്തിന് മുന്നോടിയായി എഫ്സി ബാഴ്സലോണ ഇന്ന് നടത്തിയ മെഡിക്കൽ പരിശോധനക്ക് സുപ്പർ താരം ലയണൽ മെസ്സി എത്തിയില്ല. ക്ലബിന്റെ ആസ്ഥാനത്ത് വെച്ച് നടന്ന പിസിആർ ടെസ്റ്റ് ആണ് മെസ്സി ബഹിഷ്കരിച്ചത്. ഞായറാഴ്ച്ച, ബാഴ്സലോണയിലെ പ്രാദേശികസമയം 10:15 ന് മുന്നോടിയായാണ് ടെസ്റ്റിന് എത്താൻ താരങ്ങളോട് നിർദേശിച്ചിരുന്ന സമയം. എന്നാൽ അതിന് മുമ്പോ അതിന് ശേഷമോ മെസ്സി പരിശോധനക്ക് എത്തിയില്ല.
താൻ ക്ലബ് വിടും എന്ന തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് എന്നാണ് മെസ്സി ഇതിലൂടെ വ്യക്തമാക്കിയത്. ക്ലബ് വിടില്ല എന്ന നിലപാട് എടുത്ത മെസ്സി ക്ലബിനോടുള്ള പ്രതിഷേധമായിട്ടാണ് ടെസ്റ്റ് ബഹിഷ്‍കരിച്ചത്. അതേസമയം തിങ്കളാഴ്ച്ചയാണ് ബാഴ്സ പരിശീലനം ആരംഭിക്കുന്നത്. പരിശോധനപൂർത്തിയാക്കിയാൽ മെസ്സിക്ക് പരിശീലനത്തിൽ പങ്കെടുക്കാം. താരത്തിന് പരിശോധന നടത്താൻ ഇനിയും അവസരമുണ്ട്.
പക്ഷെ പരിശീലനവും മെസ്സി ബഹിഷ്‌ക്കരിച്ചാൽ മെസ്സിക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ ബാഴ്സക്ക് കഴിയും. സാലറി കട്ടും സസ്‌പെൻഷനും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ എടുക്കാൻ ക്ലബിന് അധികാരമുണ്ട്. അതിനാൽ തന്നെ മെസ്സി നാളെ പരിശീലനത്തിന് പങ്കെടുത്തില്ലെങ്കിൽ അത് മെസ്സിക്കും ക്ലബിനും തിരിച്ചടിയാവും. മെസ്സിയെ വിടാൻ ബാഴ്സ ഇതുവരെ ഒരുക്കമല്ല. എന്നാൽ മെസ്സിയാവട്ടെ ക്ലബ് വിടണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയുമാണ്. ഈ സാഹചര്യം വളരെയധികം സങ്കീർണതകളാണ് സൃഷ്ടിക്കുന്നത്.
അതേ സമയം ക്ലബ് വിടാൻ കൂമാന്റെ നിർദേശം ഉണ്ടായിട്ടും ലൂയിസ് സുവാരസ് ടെസ്റ്റിന് എത്തി. പത്ത് മണിക്ക് തന്നെ എത്തിയ താരം പരിശോധനപൂർത്തിയാക്കുകയും ചെയ്തു. ക്ലബുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് കൊണ്ട് ക്ലബിൽ തുടരാനോ അതല്ലെങ്കിൽ മാന്യമായി പുറത്തു പോവാനോ ആണ് സുവാരസ് ഉദ്ദേശിക്കുന്നത്. ഏതായാലും നാളത്തെ പരിശീലനത്തിൽ താരം പങ്കെടുക്കും. ക്ലബിന്റെ തീരുമാനമാണ് സുവാരസിന്റെ ഭാവി നിർണയിക്കുക.