ഇന്നു പുലർച്ചെ ലാറ്റിനമേരിക്കൻ മേഖലയിൽ നിന്നും ലോകകപ്പ് യോഗ്യതക്കു വേണ്ടി നടന്ന പോരാട്ടങ്ങളിൽ ഗോൾ നേടിയതോടെ ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി മെസിയും സുവാരസും. സുവാരസ് ചിലിക്കെതിരെ ഗോൾ നേടിയപ്പോൾ മെസി ഇക്വഡോറിനെതിരെ ടീമിന്റെ വിജയഗോളാണ് സ്വന്തമാക്കിയത്.
ലാറ്റിനമേരിക്കൻ ടീമുകൾക്കു വേണ്ടി കോംപിറ്റിറ്റിവ് മത്സരങ്ങളിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന താരമെന്ന റൊണാൾഡോയുടെ റെക്കോർഡിനൊപ്പമാണ് മെസിയും സുവാരസും ഒരേ ദിവസം എത്തിയത്. മൂന്നു താരങ്ങളും 39 ഗോളുകളാണ് അവരവരുടെ ടീമിനു വേണ്ടി ഇതു വരെ നേടിയിരിക്കുന്നത്. അടുത്ത മത്സരത്തിൽ ഇരുതാരങ്ങളും ഈ റെക്കോർഡ് മറികടക്കുമെന്ന് ഉറപ്പാണ്.
ഏതാണ്ട് ഒരു വർഷത്തിനു ശേഷം ഒരു മത്സരത്തിനിറങ്ങുന്ന അർജന്റീന മോശം പ്രകടനമാണ് കാഴ്ച വെച്ചതെങ്കിലും വിജയം പ്രധാനമായിരുന്നുവെന്ന് മെസി പറഞ്ഞു. മെസി നൽകിയ രണ്ടു ചാൻസുകൾ ലൗടാരോ മാർട്ടിനസ് തുലച്ചില്ലായിരുന്നെങ്കിൽ മികച്ച വിജയം അർജൻറീനക്കു സ്വന്തമായേനെ. അടുത്ത മത്സരത്തിൽ ബൊളീവിയയെ ആണ് അർജന്റീന നേരിടുന്നത്.
സമാനമായ രീതിയിൽ പെനാൽട്ടിയിൽ തന്നെയാണ് സുവാരസും ചിലിക്കെതിരെ ഗോൾ നേടിയത്. സ്റ്റോപ്പേജ് സമയത്ത് മാക്സി ഗോമസാണ് യുറുഗ്വയുടെ വിജയഗോൾ നേടിയത്.