എഫ്സി ബാഴ്സലോണയുടെ ഇതിഹാസതാരം ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കും വിശകലനങ്ങൾക്കും വിരാമമാവുന്നില്ല. സൂപ്പർ താരം ബാഴ്സ വിടാനുള്ള ആഗ്രഹം ക്ലബ്ബിനെ അറിയിച്ച അന്ന് മുതൽ ഇന്ന് വരെ മെസ്സിയുമായി ബന്ധപ്പെട്ട ചർച്ചകൾ തന്നെയായിരുന്നു ഫുട്ബോൾ ലോകത്തുടനീളം. ഫുട്ബോൾ താരങ്ങളും പരിശീലകരും മുൻ താരങ്ങളും വിദഗ്ദരുമെല്ലാം തങ്ങളുടെ അഭിപ്രായങ്ങൾ ഈ വിഷയത്തിൽ രേഖപ്പെടുത്തി കഴിഞ്ഞു.
ഇപ്പോഴിതാ പുതുതായി മുൻ ടോട്ടൻഹാം പരിശീലകനും അർജന്റീനക്കാരനുമായ മൗറിസിയോ പോച്ചെട്ടിനോയും ഈ വിഷയത്തിൽ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അർജന്റൈൻ മാധ്യമമായ ഒലെക്ക് നൽകിയ ഇന്റർവ്യൂവിലാണ് തന്റെ നാട്ടുകാരനായ സൂപ്പർ താരത്തെ കുറിച്ച് പോച്ചേട്ടിനോ തന്റെ അഭിപ്രായം അറിയിച്ചത്. മെസ്സിക്ക് ഇഷ്ടമുള്ളിടത്ത് അദ്ദേഹം കളിക്കുമെന്നാണ് പോച്ചെട്ടിനോ പറഞ്ഞത്. എവിടെ കളിച്ചാലും മെസ്സിക്ക് തന്റെ പ്രതിഭയെ ഉപയോഗപ്പെടുത്താനാവുമെന്നും അത് വഴി വിജയശ്രീലാളിതനാവാൻ മെസ്സിക്ക് കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
” മെസ്സിയുടെ കാര്യത്തിൽ എന്ത് വേണമെങ്കിലും സംഭവിക്കാം. മെസ്സിക്ക് എവിടെയാണോ ഇഷ്ടമുള്ളത് മെസ്സി അവിടെ കളിക്കും. പ്രീമിയർ ലീഗിലോ ലാലിഗയിലോ, അങ്ങനെ താരത്തിന് ഇഷ്ടമുള്ളിടത്ത് അദ്ദേഹം കളിക്കും. ഏത് ലീഗിൽ പോയാലും അവിടുത്തെ ഏറ്റവും മികച്ച താരമാവാൻ മെസ്സി തയ്യാറാണ് ” അഭിമുഖത്തിൽ പോച്ചെട്ടിനോ പറഞ്ഞു. നിലവിൽ ഫ്രീ ഏജന്റ് ആണ് പോച്ചെട്ടിനോ. ബാഴ്സ പരിശീലകനാവുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് നടന്നില്ല.
അതേ സമയം മെസ്സി ബാഴ്സയിൽ തന്നെ തുടർന്നേക്കും എന്ന വാർത്തകളാണ് ഏറ്റവും പുതിയയതായി പുറത്തു വരുന്നത്. ക്ലബ് വിടാൻ അനുവദിക്കാത്ത ബർതോമ്യുവിന്റെ നിലപാടാണ് മെസ്സിയുടെ മനസ്സ് മാറ്റാൻ കാരണം. അടുത്ത വർഷം കരാർ അവസാനിപ്പിച്ച് ഫ്രീ ഏജന്റ് ആയി കൊണ്ട് സിറ്റിയിലേക്ക് ചേക്കേറാനാണ് മെസ്സിയുടെ പദ്ധതി.