ആർക്കും തർക്കമില്ല, മെസ്സി തന്നെ ബാഴ്സലോണയുടെ നായകൻ !
സൂപ്പർ താരം ലയണൽ മെസ്സി തന്നെ എഫ്സി ബാഴ്സലോണയുടെ ക്യാപ്റ്റൻ ആയി തുടരും. ഇന്നത്തെ മത്സരത്തിന് മുന്നോടിയായി ടീം അംഗങ്ങൾക്കിടയിൽ നടത്തിയ ഒരു വോട്ടെടുപ്പിലൂടെയാണ് ഇക്കാര്യം തീരുമാനിച്ചത്. ടീമിലെ ഭൂരിപക്ഷം പേരും മെസ്സിയെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ജെറാർഡ് പിക്വേ, സെർജിയോ ബുസ്ക്കെറ്റ്സ്, സെർജി റോബർട്ടോ എന്നിവരായിരുന്നു മറ്റുള്ള മത്സരാർത്ഥികൾ. എന്നാൽ ബാഴ്സയിലെ ഒട്ടുമിക്ക താരങ്ങളും മെസ്സിയെ തന്നെ ക്യാപ്റ്റനാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതോടെ ഇന്നത്തെ മത്സരത്തിൽ മെസ്സി ക്യാപ്റ്റന്റെ ആം ബാൻഡ് അണിയും. ഈ സീസണിൽ മെസ്സി ക്യാപ്റ്റൻ സ്ഥാനത്ത് തുടരുമോ എന്ന് സംശയങ്ങളുണ്ടായിരുന്നു. മെസ്സിയുടെ ട്രാൻസ്ഫർ വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഇത്. എന്നാൽ ബാഴ്സ താരങ്ങൾക്ക് നായകന്റെ സ്ഥാനത്തേക്ക് മറുത്തൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ഇതോടെ ഇന്ന് നടക്കുന്ന ജിംനാസ്റ്റിക്കിനെതിരായ മത്സരത്തിൽ മെസ്സി തന്നെ ബാഴ്സയെ നയിക്കും.
🔵🔴 Messi seguirá siendo el capitán del Barça https://t.co/bBXyfvJqcO
— MARCA (@marca) September 12, 2020
അതേ സമയം ഇന്നത്തെ മത്സരത്തിനുള്ള ഇരുപത്തിയഞ്ച് അംഗ സ്‌ക്വാഡ് ബാഴ്സലോണ അല്പം മുമ്പ് പുറത്തുവിട്ടിരുന്നു. സൂപ്പർ താരങ്ങളായ മെസ്സി, അന്റോയിൻ ഗ്രീസ്‌മാൻ, ഫിലിപ്പെ കൂട്ടീഞ്ഞോ എന്നിവർക്കൊക്കെ ടീമിൽ സ്ഥാനം ലഭിച്ചിട്ടുണ്ട്. കൂടാതെ ഒട്ടേറെ യുവതാരങ്ങളെയും കൂമാൻ സ്‌ക്വാഡിലേക്ക് പരിഗണിച്ചിട്ടുണ്ട്. എന്നാൽ ഒട്ടേറെ മുൻനിര താരങ്ങളെയും കൂമാൻ പരിഗണിച്ചിട്ടില്ല.
ഇതിൽ പെട്ടവരാണ് ലൂയിസ് സുവാരസും ആർതുറോ വിദാലും. ഇതോടെ ഇവരുടെ ബാഴ്സ കരിയർ അവസാനിച്ചു എന്ന് വ്യക്തമായിരിക്കുകയാണ്. അൻസു ഫാറ്റി, ടെർ സ്റ്റീഗൻ എന്നിവരെ പരിക്ക് മൂലം പരിഗണിച്ചിട്ടില്ല. ഗോൾ കീപ്പറായി നെറ്റൊ ആണ് സ്ഥാനം നേടിയിട്ടുള്ളത്. ആർതർ മെലോയുടെ പകരമായി ബാഴ്സയിൽ എത്തിയ മിറാലെം പ്യാനിക്കിനും കൂമാൻ സ്ക്വാഡിൽ ഇടം നൽകിയിട്ടില്ല.