ബാഴ്‌സയുടെ പ്രതീക്ഷകൾക്ക് ചിറക് മുളക്കുന്നു, ഡീപേയെ നിലനിർത്താനുള്ള ലിയോണിന്റെ ആ ശ്രമവും പരാജയപ്പെട്ടു.

ഈ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണയുടെ പരിശീലകൻ റൊണാൾഡ് കൂമാൻ ക്ലബിലെത്തിക്കാൻ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്ന താരങ്ങളിലൊരാളാണ് ലിയോണിന്റെ ഡച്ച് സ്ട്രൈക്കെർ മെംഫിസ് ഡീപേ. ഇപ്പോഴിതാ താരത്തെ സൈൻ ചെയ്യാനുള്ള ബാഴ്സയുടെ ശ്രമങ്ങൾക്ക് ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. താരത്തെ നിലനിർത്താനുള്ള ലിയോണിന്റെ അവസാനശ്രമവും പരാജയപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

പ്രമുഖ ഫ്രഞ്ച് മാധ്യമമായ എൽ എക്യൂപെയാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. താരത്തിന്റെ കരാർ പുതുക്കുന്നതിന് വേണ്ടി ലിയോൺ അവസാനമായി മുന്നോട്ട് വെച്ച ഓഫറും ഡീപേ തള്ളികളഞ്ഞതായാണ് ഈ മാധ്യമം പുറത്തു വിട്ടിരിക്കുന്നത്. അതായത് ഡീപേ ലിയോൺ വിട്ട് ബാഴ്സയിലേക്ക് ചേക്കേറാനുള്ള തീരുമാനത്തിലാണ് എന്ന് സാരം. ബാഴ്സ ട്രാൻസ്ഫർ വാർത്തകൾ താരത്തിന്റെ ലിയോണിലെ പ്രകടനത്തിനെ ബാധിച്ചുവെന്ന് ആരാധകർ ആരോപിച്ചിരുന്നു.

കഴിഞ്ഞ ബോർഡക്സിനെതിരായ മത്സരത്തിൽ ലിയോൺ ഗോൾരഹിത സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ മോശം പ്രകടനമായിരുന്നു ഡീപേയുടെ ഭാഗത്ത് നിന്നുമുണ്ടായത്. എന്നാൽ ഇത് ഇന്റർനാഷണൽ മത്സരങ്ങളിൽ കളിച്ചതിനാലാണ് എന്നാണ് പരിശീലകൻ റൂഡി ഗാർഷ്യ പറഞ്ഞത്. എന്നാൽ താരം ബാഴ്സയിലേക്ക് പോവണമെന്ന കാരണത്താൽ മോശം പ്രകടനം കാഴ്ച്ചവെക്കുകയായിരുന്നു എന്നാണ് ആരാധകർ ആരോപിച്ചത്. നിലവിൽ ഡീപേക്ക് ഒരു വർഷം കൂടി ലിയോണിൽ കരാറുണ്ട്. പക്ഷെ വരുന്ന ജനുവരിയിൽ ഡീപേ ബാഴ്‌സയുമായി പ്രീ കോൺട്രാക്റ്ററിൽ എത്തിയാൽ ലിയോണിന് ഒരു ചില്ലിക്കാശ് പോലും ട്രാൻസ്ഫർ ഫീ ആയി ലഭിക്കില്ല.

അത്‌കൊണ്ട് തന്നെ താരം കരാർ പുതുക്കാൻ വിസമ്മതിച്ച സ്ഥിതിക്ക് ലിയോൺ താരത്തെ ബാഴ്സക്ക് വിൽക്കാൻ തന്നെയാവും ശ്രമിക്കുക. പക്ഷെ ബാഴ്സ ഇതുവരെ ഒഫീഷ്യൽ ആയി ഓഫറുകൾ ഒന്നും നൽകിയിട്ടില്ല. ബാഴ്സ ലൗറ്ററോയുടെ കാര്യത്തിൽ ഒരു തീരുമാനം ആവാനാണ് കാത്തിരിക്കുന്നത്. അതിന് ശേഷം ഡീപേയുടെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളും. പക്ഷെ ലൗറ്ററോയെക്കാൾ കൂമാൻ മുൻഗണന നൽകുന്നത് ഡീപേക്ക് ആണ്.

Rate this post