കൂമാന്റെ പദ്ധതികളിൽ സ്ഥാനമില്ല, സാമുവൽ ഉംറ്റിറ്റി ക്ലബ് വിടുമോ എന്ന കാര്യത്തിൽ നിലപാട് അറിയിച്ച് താരത്തിന്റെ ഏജന്റ് കൂടിയായ സഹോദരൻ.

എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ റൊണാൾഡ് കൂമാൻ തനിക്ക് താല്പര്യമില്ലാത്ത താരങ്ങളോട് ടീം വിടാൻ കല്പിച്ചിരുന്നു. ആ കൂട്ടത്തിൽ പെട്ട ഒരു താരമാണ് ഫ്രഞ്ച് ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി. ഈ സമ്മർ ട്രാൻസ്ഫറിൽ ബാഴ്‌സ ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളിൽ ഒരാൾ ഉംറ്റിറ്റിയാണ്. താരത്തിന്റെ വിട്ടുമാറാത്ത പരിക്കാണ് ബാഴ്സയെ ഇതിന് പ്രേരിപ്പിക്കുന്നത്.

ഇപ്പോഴിതാ താരത്തിന്റെ ട്രാൻസ്ഫർ റൂമറുകളിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരത്തിന്റെ ഏജന്റും സഹോദരനുമായ യാനിക്ക് ഉംറ്റിറ്റി. പുതുതായി ഫൂട്ട്01 ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഈ സമ്മർ ട്രാൻസ്ഫറിൽ ഉംറ്റിറ്റി ക്ലബ് വിടാൻ ആഗ്രഹിക്കുന്നില്ല എന്നാണ് യാനിക്ക് തുറന്നു പറഞ്ഞത്. ലിയോണുമായുള്ള ട്രാൻസ്ഫർ അഭ്യൂഹവും അദ്ദേഹം തള്ളി കളഞ്ഞു. അത്‌ നടക്കാൻ സാധ്യത കുറവാണ് എന്നാണ് അദ്ദേഹം അറിയിച്ചത്.

” ഈ സമ്മറിൽ ബാഴ്‌സ വിടാൻ സാമുവൽ ഉംറ്റിറ്റി ആഗ്രഹിക്കുന്നില്ല. പക്ഷെ ബാഴ്‌സയുടെ ആഗ്രഹം താരം ക്ലബ് വിടണമെന്നാണ്. അവർ മാറ്റം ആഗ്രഹിക്കുന്നുണ്ട്. തീർച്ചയായും ഇതിന് പകരമായി ഒരു ഓപ്ഷൻ കണ്ടത്തേണ്ടിയിരിക്കുന്നു. സാമുവൽ ഉംറ്റിറ്റി ലിയോണിലേക്ക് കൂടുമാറുമെന്നുള്ള കിംവദന്തി നല്ലതാണ്. പക്ഷെ നിർഭാഗ്യവശാൽ അത്‌ നടക്കാനുള്ള സാധ്യതകൾ വളരെ കുറവാണ് ” ഏജന്റും സഹോദരനുമായ യാനിക്ക് ഉംറ്റിറ്റി പറഞ്ഞു.

സാമുവൽ ഉംറ്റിറ്റിക്ക് ബാഴ്‌സയുമായും ഇനിയും വർഷങ്ങൾ കരാർ അവശേഷിക്കുന്നുണ്ട്. പക്ഷെ തുടക്കത്തിൽ താരം കണ്ടെത്തിയ ഫോം പിന്നീട് താരത്തിന് തുടരാനായില്ല എന്ന് മാത്രമല്ല മിക്ക മത്സരങ്ങളിലും താരം പരിക്കേറ്റ് പുറത്തായിരിക്കും. ഇതാണ് ബാഴ്സയെ മാറിചിന്തിപ്പിച്ചത്. താരത്തിന്റെ വലിയ സാലറി മൂലം പെട്ടന്ന് ഒരു ക്ലബ് കണ്ടുപിടിച്ച് അതിലേക്ക് ചേക്കേറുക എന്നുള്ളതും അസാധ്യമാണ്.

Rate this post