സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുമെന്നുള്ള വാർത്തകൾക്ക് ഒരു ശമനവുമില്ല. മെസ്സി ഇതുവരെ കരാർ പുതുക്കാൻ തയ്യാറാവാത്തതാണ് ആരാധകരിൽ ഏറെ ആശങ്ക പടർത്തുന്ന കാര്യം. മെസ്സി ക്ലബ് വിടാൻ തീരുമാനിച്ചാൽ താരത്തെ റാഞ്ചാൻ മറ്റുള്ള ക്ലബുകൾ തയ്യാറായി നിൽക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ സിറ്റി, ഇന്റർമിലാൻ, പിഎസ്ജി എന്നിവരാണ് മെസ്സിക്ക് വേണ്ടി മുൻനിരയിൽ ഉള്ള ക്ലബുകൾ. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് എന്നീ ക്ലബുകളും മെസ്സിക്ക് വേണ്ടി ശ്രമങ്ങൾ നടത്താൻ സാധ്യതയുണ്ടെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്തൊക്കെയായാലും മെസ്സിയെ വിട്ടുതരണമെങ്കിൽ ഭീമൻ തുക തങ്ങൾക്ക് തരേണ്ടി വരുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് എഫ്സി ബാഴ്സലോണ. പ്രമുഖസ്പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർട്ടീവോയും ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിലുമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. മെസ്സിയുടെ റിലീസ് ക്ലോസ് ആയ 631 മില്യൺ പൗണ്ട് തികച്ചു തരാതെ മെസ്സിയെ വിട്ടുതരുന്ന പ്രശ്നമില്ലെന്ന നിലപാടിലാണ് ബാഴ്സ. ഏതൊരു ക്ലബ്ബിനെ സംബന്ധിച്ചെടുത്തോളവും ഇതൊരു കൂറ്റൻ തുകയാണ് എന്ന കാര്യത്തിൽ സംശയമില്ല.
ചുരുക്കത്തിൽ മെസ്സിയെ വിൽക്കാൻ ഒരു ഉദ്ദേശവും ഇല്ല എന്നാണ് ബാഴ്സ ഇതിലൂടെ അടിവരയിട്ട് ഉറപ്പിച്ചു പറയുന്നത്. നിലവിൽ ഏറ്റവും വലിയ ട്രാൻസ്ഫർ തുക നെയ്മറുടേത് ആണ്. 222 മില്യൺ യുറോ ആയിരുന്നു അത്. മെസ്സിയുടെ റിലീസ് ക്ലോസ് യുറോ കണക്കിലേക്ക് വരുമ്പോൾ 700 മില്യൺ യുറോയോളം വരും. പക്ഷെ മെസ്സിയുടെ തീരുമാനം ഈ കാര്യത്തിൽ വളരെയധികം നിർണായകമാണ്. എന്തെന്നാൽ മെസ്സി ക്ലബ് വിടണമെന്ന് തുറന്നു പറഞ്ഞാൽ ബാഴ്സ മെസ്സിയുടെ റിലീസ് ക്ലോസ് കുറക്കാൻ നിർബന്ധിതർ ആയേക്കും. എന്തെന്നാൽ അടുത്ത വർഷം മെസ്സി കരാർ പുതുക്കാതെ ഫ്രീ ഏജന്റ് ആയാൽ അത് ബാഴ്സക്ക് തിരിച്ചടിയാവും. അതിനാൽ തന്നെ മെസ്സിയുടെ തീരുമാനമാണ് ഈ കാര്യത്തിൽ വിധി നിർണയിക്കുന്നത്. വരും ദിവസങ്ങളിൽ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കാം.