എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ദിനംപ്രതി ശക്തിയാർജ്ജിച്ചു വരികയാണ്. മെസ്സി ആദ്യമായിട്ടാണ് ആവശ്യം വന്നാൽ ക്ലബ് വിടുമെന്ന് ബാഴ്സയോട് തുറന്നു പറഞ്ഞത്. കഴിഞ്ഞ ദിവസം ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാനുമായി നടത്തിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം തുറന്നു സമ്മതിച്ചത്. ബാഴ്സയിൽ തുടരുമെന്ന് ഒരുറപ്പും തരാനാവില്ലെന്നും ആവശ്യം വന്നാൽ ബാഴ്സ വിടുന്നത് പരിഗണിക്കേണ്ടി വരുമെന്നും അദ്ദേഹം കൂമാനെ അറിയിച്ചു കഴിഞ്ഞു. ഇതോടെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലായത് ബാഴ്സയാണ്. തങ്ങളുടെ നെടുംതൂണായ താരത്തെ എങ്ങനെയെങ്കിലും ക്ലബിൽ പിടിച്ചു നിർത്താനുള്ള ശ്രമത്തിലാണ് ബാഴ്സ. എന്നാൽ മെസ്സി കരാർ പുതുക്കാനുള്ള ഒരു നീക്കവും ഇതുവരെ നടത്താത്തത് ബാഴ്സക്ക് തലവേദനയാണ്. മെസ്സി ബാഴ്സ വിടാൻ തീരുമാനിച്ചാൽ നിലവിൽ പോകാൻ സാധ്യതയുള്ളത് മൂന്ന് ക്ലബുകളിലേക്ക്. നിലവിൽ മെസ്സിയെ റാഞ്ചാൻ ശേഷിയുള്ളവരും അതിന് താല്പര്യമുള്ള ക്ലബുകളും ഈ മൂന്ന് ക്ലബുകൾ ആണ്.
1 – ഇന്റർമിലാൻ
സമീപകാലത്ത് മെസ്സിയെ ബന്ധപ്പെടുത്തി കൊണ്ട് അഭ്യൂഹങ്ങൾ ഏറെ പ്രചരിച്ച ക്ലബാണ് ഇന്റർമിലാൻ. മെസ്സിയുടെ പിതാവ് മിലാനിൽ വീട് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് റൂമർ പുറത്ത് വന്നത്. തുടർന്ന് ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് വലിയ രൂപത്തിൽ തന്നെ ഈ വാർത്ത റിപ്പോർട്ട് ചെയ്തു. മെസ്സിക്ക് വേണ്ടി 260 മില്യൺ യുറോ വരെ ഇന്റർ ഓഫർ ചെയ്തതായി വാർത്തകൾ ഉണ്ടായിരുന്നു. ബാഴ്സയുടെ തോൽവിയെ തുടർന്ന് ഈ വാർത്തകൾ വീണ്ടും സജീവമായി. ചൈനീസ് കമ്പനിയാണ് ഇന്ററിന്റെ ഉടമസ്ഥർ. മെസ്സിയെ വാങ്ങാൻ ശേഷിയുള്ളവരാണ് ഇവർ. മെസ്സിയുടെ അർജന്റൈൻ സഹതാരം ലൗറ്ററോ ഇന്ററിലാണ് കളിക്കുന്നത്. ഇത് നടന്നാൽ മെസ്സി vs ക്രിസ്റ്റ്യാനോ പോരാട്ടം ഒരിക്കൽ കൂടി ആരാധകർക്ക് കാണാം.
2 – മാഞ്ചസ്റ്റർ സിറ്റി
മെസ്സിയെ സിറ്റിയുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള വാർത്തകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വർഷങ്ങളുടെ പഴക്കമുണ്ട്. മെസ്സിയുടെ പ്രതിഭയെ ഫലപ്രദമായി ഉപയോഗിച്ച പെപ് ഗ്വാർഡിയോളക്ക് മെസ്സിയെ ക്ലബിൽ എത്തിക്കാൻ താല്പര്യമുണ്ട് എന്നാണ് അറിവ്. മെസ്സി ക്ലബ് വിടുക ആണെങ്കിൽ ചേക്കേറാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ക്ലബ് മാഞ്ചസ്റ്റർ സിറ്റി ആണെന്നാണ് കണ്ടെത്തൽ. അറബിപ്പണം കൊണ്ട് തഴച്ചുവളരുന്ന സിറ്റിക്ക് മെസ്സിയെ ക്ലബിൽ എത്തിക്കാൻ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. മെസ്സിയെ സൈൻ ചെയ്യാൻ എപ്പോൾ വേണമെങ്കിലും സിറ്റി തയ്യാറാണ് എന്നുള്ള കാര്യം ബ്രിട്ടീഷ് മാധ്യമങ്ങൾ പല കുറി പുറത്ത് വിട്ടിരുന്നു. മെസ്സി ബാഴ്സ വിടാൻ തീരുമാനിച്ചാൽ ആരാധകരും ആഗ്രഹിക്കുന്നത് പെപ് ഗ്വാർഡിയോളക്ക് ഒപ്പവും സെർജിയോ അഗ്വേറൊക്ക് ഒപ്പവും മെസ്സി ചേരണം എന്നാണ്.
3- പിഎസ്ജി
മെസ്സിയെ വാങ്ങാൻ ശേഷിയുള്ള മറ്റൊരു ക്ലബ് പിഎസ്ജിയാണ്. ഖത്തർ ഉടമകളാണ് പിഎസ്ജിയുടെ രഹസ്യം. സൂപ്പർ താരങ്ങളായ നെയ്മറെയും എംബാപ്പെയെയും പൊന്നുംവിലകൊടുത്തു കൊണ്ട് ടീമിൽ എത്തിക്കാൻ പിഎസ്ജിക്ക് കഴിഞ്ഞിരുന്നു. മെസ്സിയെ എത്തിക്കാനും പ്രയാസമുണ്ടാവില്ല എന്നാണ് മാധ്യമങ്ങളുടെ കണക്കുകൂട്ടലുകൾ. സൂപ്പർ താരങ്ങളായ നെയ്മറും മെസ്സിയും ഒരുമ്മിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മെസ്സിയെയും ക്രിസ്റ്റ്യാനോയെയും ഒരുമിച്ചു സൈൻ ചെയ്യാനുള്ള കെൽപ്പ് പിഎസ്ജിക്ക് ഉണ്ടെന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത് നെയ്മറുടെ ഏജന്റ് ആയിരുന്നു. മെസ്സി താല്പര്യം പ്രകടിപ്പിച്ചാൽ മെസ്സിയെ പിഎസ്ജി റാഞ്ചും.