ലീഗ് വണ്ണിൽ നടന്ന തങ്ങളുടെ അവസാനത്തെ മത്സരത്തിൽ പിഎസ്ജിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.റെന്നസായിരുന്നു പിഎസ്ജിക്ക് ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറി തോൽവി സമ്മാനിച്ചത്.ഈ ജനുവരി മാസത്തിൽ ഇത് രണ്ടാം തവണയാണ് പിഎസ്ജി ലീഗ് വണ്ണിൽ പരാജയപ്പെടുന്നത്. നേരത്തെ ലെൻസിനോട് ഒരു വലിയ തോൽവി പിഎസ്ജിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
പക്ഷേ ലെൻസിനോട് പരാജയപ്പെട്ടപ്പോൾ സൂപ്പർ താരം ലയണൽ മെസ്സി ടീമിനോടൊപ്പം ഉണ്ടായിരുന്നില്ല. എന്നാൽ റെന്നസിനോട് പരാജയപ്പെട്ടപ്പോൾ മെസ്സിയും നെയ്മറും എംബപ്പേയുമൊക്കെ ടീമിനോടൊപ്പം ഉണ്ടായിരുന്നു. ഈ തോൽവിയോടുകൂടി പിഎസ്ജിക്കൊപ്പമുള്ള മെസ്സിയുടെ അപരാജിത കുതിപ്പും ഇപ്പോൾ അവസാനിച്ചിട്ടുണ്ട്.
അതായത് ക്ലബ്ബിനൊപ്പം അവസാനത്തെ 29 മത്സരങ്ങളിൽ ഒന്നിൽ പോലും ലയണൽ മെസ്സി പരാജയപ്പെട്ടിരുന്നില്ല. ആ അപരാജിത കുതിപ്പാണ് ഇപ്പോൾ അവസാനിച്ചിട്ടുള്ളത്.2022 മാർച്ച് മാസത്തിലായിരുന്നു മെസ്സി അവസാനമായി പിഎസ്ജിക്കൊപ്പം ഒരു തോൽവി രുചിച്ചിരുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെയായിരുന്നു അന്ന് ലയണൽ മെസ്സിയും പിഎസ്ജിയും പരാജയപ്പെട്ടിരുന്നത്.
അതിനുശേഷം ഇത് ആദ്യമായാണ് മെസ്സി പിഎസ്ജിക്കൊപ്പം പരാജയപ്പെടുന്നത്.ഈ 29 മത്സരങ്ങളിൽ 24 മത്സരങ്ങളിലും പിഎസ്ജി വിജയിക്കുകയാണ് ചെയ്തിട്ടുള്ളത്.5 സമനിലകൾ വഴങ്ങി. 17 ഗോളുകളും 18 അസിസ്റ്റുകളും ഈ കാലയളവിൽ കരസ്ഥമാക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.ഏതായാലും മെസ്സിയുടെ അപരാജിത കുതിപ്പ് ഇതോടുകൂടി അവസാനിച്ചിട്ടുണ്ട്.
നിലവിൽ ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്ത് പിഎസ്ജി തന്നെയാണ് ഉള്ളത്.19 മത്സരങ്ങളിൽ നിന്ന് 47 പോയിന്റ് ആണ് പിഎസ്ജിക്കുള്ളത്. മൂന്ന് പോയിന്റിന്റെ ലീഡ് മാത്രമാണ് നിലവിൽ ക്ലബ്ബിന് ഉള്ളത്. ഇനി പിഎസ്ജി അടുത്ത മത്സരം സൗദി അറേബ്യയിലെ ഓൾ സ്റ്റാർ ഇലവനെതിരെയുള്ള സൗഹൃദ മത്സരമാണ് കളിക്കുക.