ഈ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയെ ക്ലബിലെത്തിക്കാൻ വേണ്ടി ശ്രമിച്ചിരുന്നവരിൽ മുമ്പിൽ ഉണ്ടായിരുന്നവരാണ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി. പരിശീലകൻ പെപ് ഗ്വാർഡിയോളക്ക് താരത്തെ എത്തിക്കാൻ അതീവതാല്പര്യമുണ്ടായിരുന്നു. എന്നാൽ മെസ്സിയെ പോകാൻ ബാഴ്സ അനുവദിക്കാതിരുന്നതോടെ ആ മോഹം പൊലിഞ്ഞു. എന്നിരുന്നാലും അടുത്ത സമ്മറിൽ ഇത് വീണ്ടും സജീവമാകും.
അടുത്ത ട്രാൻസ്ഫറിൽ ഒരുപക്ഷെ മെസ്സി ഫ്രീ ഏജന്റ് ആയിരിക്കും. അങ്ങനെയാണേൽ താരത്തെ എളുപ്പത്തിൽ സ്വന്തമാക്കാൻ സിറ്റിക്ക് കഴിയും. എന്നാൽ മെസ്സിയുടെ വരവ് ഭീഷണിയാവുക താരത്തിന്റെ അർജന്റൈൻ സഹതാരമായ സെർജിയോ അഗ്വേറൊക്കായിരിക്കുമെന്നാണ് പുതിയ വാർത്തകൾ. ഇംഗ്ലീഷ് മാധ്യമമായ മിറർ ആണ് ഈ വാർത്തയുടെ ഉറവിടം. മെസ്സിയെ ക്ലബ്ബിലെത്തിക്കാൻ കഴിഞ്ഞാൽ അഗ്വേറൊയെ വിൽക്കാനാണ് സിറ്റിയുടെയും പെപ്പിന്റെയും പദ്ധതി.
നിലവിൽ പരിക്ക് മൂലം പുറത്താണ് അഗ്വേറൊ. മാത്രമല്ല മെസ്സിയുടെയും അഗ്വേറൊയുടെയും സാലറി ഒരുമിച്ച് താങ്ങാൻ സിറ്റിക്ക് ഒരല്പം ബുദ്ധിമുട്ടുണ്ടാകും. കൂടാതെ അടുത്ത വർഷം അഗ്വേറൊയുടെ കരാർ അവസാനിക്കുകയും ചെയ്യും. അത്കൊണ്ട് തന്നെ താരത്തെ കൈവിടാനാണ് സിറ്റിയുടെ തീരുമാനം. മാത്രമല്ല അഗ്വേറൊക്ക് വേണ്ടി ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലാൻ താല്പര്യം പ്രകടിപ്പിച്ചിട്ട് കുറച്ചായി. പ്രീമിയർ ലീഗിൽ നിന്ന് സൂപ്പർ താരങ്ങളെ റാഞ്ചൽ ശീലമാക്കിയ കോന്റെക്ക് ആവിശ്യമുള്ള താരങ്ങളിൽ ഒരാളാണ് അഗ്വേറൊ. അത്കൊണ്ട് തന്നെ മെസ്സി വരുമെന്ന് ഉറപ്പായാൽ അഗ്വേറൊയെ സിറ്റി കയ്യൊഴിഞ്ഞേക്കും.
മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച ടോപ് സ്കോററാണ് സെർജിയോ അഗ്വേറൊ. 2011-ലായിരുന്നു താരം അത്ലെറ്റിക്കോ മാഡ്രിഡിൽ നിന്നും സിറ്റിയിൽ എത്തിയത്. കഴിഞ്ഞ സീസണിലും ഈ സീസണിന്റെ തുടക്കത്തിലും താരത്തിന് പരിക്ക് മൂലം മത്സരങ്ങൾ നഷ്ടമായിരുന്നു. അതേ സമയം മെസ്സിയെ സൈൻ ചെയ്യാനുള്ള സാമ്പത്തികശേഷം തങ്ങൾക്കുണ്ടെന്ന് സിറ്റി അധികൃതർ തുറന്നു പറഞ്ഞിരുന്നു.