മെസ്സി vs റൊണാൾഡോ : റിയാദ് സീസൺ ഇലവനെ കീഴടക്കി പിഎസ്ജി

സൗദി അറേബ്യയിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ റിയാദ് ഇലവനെതിരെ വിജയവുമായി പിഎസ്ജി.മത്സരത്തിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് പിഎസ്‌ജി വിജയിച്ചത്. ലയണൽ മെസി, എംബാപ്പെ, റാമോസ്, മാർകിന്യോസ്, എകിറ്റിക്കെ തുടങ്ങിയ താരങ്ങൾ പിഎസ്‌ജിക്കായി ഗോൾ നേടിയപ്പോൾ സൗദിയിലെ ആദ്യ മത്സരത്തിൽ റൊണാൾഡോ രണ്ടു തവണ വലകുലുക്കി. സൂ ജാങ്, ടലിസ്‌ക എന്നിവരാണ് പിഎസ്‌ജിയുടെമറ്റു ഗോളുകൾ നേടിയത്.

കളിയുടെ മൂന്നാം മിനിറ്റിൽ ലയണൽ മെസ്സിയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. നെയ്മറുടെ അസിസ്റ്റിൽ ലയണൽ മെസ്സിയാണ് പിഎസ്ജിക്കായി ഗോൾ നേടിയത്. നെയ്മറുടെ മനോഹരമായ ചിപ്പിംഗ് ബോൾ ലയണൽ മെസ്സി കൃത്യമായി പൂർത്തിയാക്കി. ഇതോടെ കളിയുടെ തുടക്കത്തില് തന്നെ ഫ്രഞ്ച് ക്ലബ്ബിന് ആധിപത്യം സ്ഥാപിക്കാനായി. എന്നാൽ റിയാദ് ഇലവൻ ശക്തമായ തിരിച്ചുവരവ് നടത്തി.മത്സരത്തിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മനോഹരമായ ഒരു ഷോട്ട് പിഎസ്ജി ഗോൾകീപ്പർ കെയ്‌ലർ നവാസ് രക്ഷപ്പെടുത്തി. പിന്നീട് നെയ്മറിനും കൈലിയൻ എംബാപ്പെയ്ക്കും ഓരോ ഗോളവസരങ്ങൾ ലഭിച്ചു. അത് മുതലെടുക്കാൻ ഇരുവർക്കും കഴിഞ്ഞില്ല.

കളിയുടെ 25-ാം മിനിറ്റിൽ, കൈലിയൻ എംബാപ്പെ മനോഹരമായ ലോംഗ് റേഞ്ച് ഷോർട്ടിലൂടെ മുഹമ്മദ് അൽ ഒവൈസിനെ കീഴടക്കി റിയാദ് ഇലവന്റെ വല കുലുക്കി. പിഎസ്ജി ലീഡ് ഇരട്ടിയാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സൈഡ് റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി.മത്സരത്തിന്റെ 32-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിഎസ്ജി ഗോൾകീപ്പർ കീലർ നവാസ് ഫൗൾ ചെയ്തതിന് റിയാദ് ഇലവനു പെനാൽറ്റി ലഭിച്ചു. പെനാൽറ്റിയിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിഴച്ചില്ല. ഇതോടെ പിഎസ്ജിക്കെതിരായ മത്സരത്തിൽ റിയാദ് ഇലവൻ സമനില കണ്ടെത്തി. തുടർന്ന് 42-ാം മിനിറ്റിൽ മാർക്വിഞ്ഞോസ് പിഎസ്ജിക്ക് ലീഡ് നൽകി.അതിനു ശേഷം പിഎസ്‌ജിക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുകയും ചെയ്‌തു. എന്നാൽ മൂന്നാമത്തെ ഗോൾ നേടാൻ ലഭിച്ച അവസരം നെയ്‌മർ നഷ്‌ടപ്പെടുത്തി. താരത്തിന്റെ ഷോട്ട് ഗോൾകീപ്പർ അനായാസം കയ്യിലൊതുക്കി.

ആദ്യപകുതി പിരിയും മുൻപ് റിയാദ് ടീം വീണ്ടും ഒപ്പമെത്തി. റൊണാൾഡോയുടെ ഹെഡർ പോസ്റ്റിലിടിച്ച് തിരിച്ചു വന്നത് താരം തന്നെ വീണ്ടും വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ എംബാപ്പയുടെ പാസിൽ നിന്നും സെർജിയോ റാമോസ് വല കുലുക്കി പിഎസ്‌ജി വീണ്ടും മുന്നിലെത്തിയെങ്കിലും കൊറിയൻ പ്രതിരോധതാരം സൂ ജാങ് മികച്ചൊരു ഹെഡറിലൂടെ റിയാദ് ടീമിനെ വീണ്ടും ഒപ്പമെത്തിച്ചു.ആ ഗോളിന് മറുപടി നൽകി വീണ്ടും മുന്നിലെത്താൻ പിഎസ്‌ജിക്ക് മിനുട്ടുകൾ മാത്രമേ വേണ്ടി വന്നുള്ളൂ. മെസിയുടെ ഷോട്ട് കൈയ്യിൽ കൊണ്ടതിനു ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് എംബാപ്പയാണ് ടീമിന്റെ നാലാം ഗോൾ നേടിയത്. അതിനു പിന്നാലെ റൊണാൾഡോ, നെയ്‌മർ, എംബാപ്പെ, മെസി തുടങ്ങിയ താരങ്ങളെല്ലാം പിൻവലിക്കപ്പെട്ടു.

പ്രധാനതാരങ്ങൾ പിൻവലിക്കപ്പെട്ടിട്ടും പത്തു പേരായി ചുരുങ്ങിയിട്ടും മത്സരത്തിൽ പിഎസ്‌ജിക്ക് ആധിപത്യം ഉണ്ടായിരുന്നു. എഴുപത്തിയെട്ടാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ എകിറ്റെകെ കൂടി ഗോൾ നേടിയതോടെ പിഎസ്‌ജി വിജയം ഉറപ്പിച്ചു. അവസാന മിനുട്ടിൽ ടലിസ്‌ക റിയാദ് ടീമിനായി ഒരു ഗോൾ കൂടി മടക്കിയെങ്കിലും അതിനു പിന്നാലെ ഫൈനൽ വിസിൽ മുഴങ്ങിയതിനാൽ തിരിച്ചു വരാൻ അവർക്ക് അവസരമില്ലായിരുന്നു.

Rate this post
Cristiano RonaldoLionel Messi