കോപ്പ ഡെൽ റേ ആദ്യപാദത്തിൽ നടന്ന മത്സരത്തിൽ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്‌സലോണ സ്വന്തം മൈതാനത്തു നടന്ന രണ്ടാം പാദത്തിനായി ഇറങ്ങിയതെങ്കിലും അതിൽ നിരാശയായിരുന്നു ഫലം. ബാഴ്‌സയുടെ നാല് പ്രധാന താരങ്ങൾ പരിക്ക് കാരണം ഇറങ്ങാതിരുന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയം നേടി റയൽ മാഡ്രിഡ് ഫൈനലിൽ എത്തി.
അതേസമയം മത്സരത്തിനിടെ ഉണ്ടായ മറ്റൊരു സംഭവം ബാഴ്‌സലോണ ആരാധകർക്ക് സന്തോഷം നൽകുന്നതായിരുന്നു. ടീമിന്റെ സൂപ്പർതാരമായ ലയണൽ മെസിയുടെ പേര് ആരാധകർ ചാന്റ് ചെയ്യുകയുണ്ടായി. ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ തുറന്നു കിടക്കെയാണ് താരത്തിന് വേണ്ടി ബാഴ്‌സലോണ ആരാധകർ ആർത്തു വിളിച്ചത്.
മത്സരത്തിന്റെ പത്താം മിനുട്ടിലാണ് മെസിക്കായി ആരാധകർ ആർത്തു വിളിച്ചത്. ലയണൽ മെസി ബാഴ്‌സലോണയിൽ അണിഞ്ഞിരുന്ന പത്താം നമ്പർ ജേഴ്‌സിയുടെ പ്രതീകമായാണ് പത്താം മിനുട്ടിൽ മെസിയുടെ പേര് ക്യാമ്പ് നൂവിൽ മുഴങ്ങിയത്. താരത്തിന്റെ തിരിച്ചു വരവിനെ ബാഴ്‌സലോണ ആരാധകർ അത്രയധികം ആഗ്രഹിക്കുന്നു എന്നു വ്യക്തമാണ്.
പിഎസ്‌ജി കരാർ ഈ സീസണോടെ അവസാനിക്കുന്ന മെസിക്ക് അത് പുതുക്കാൻ യാതൊരു താൽപര്യവുമില്ല. ഈ സാഹചര്യത്തിലാണ് ബാഴ്‌സലോണ താരത്തിനായി ശ്രമം നടത്തുന്നത്. ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി ഒരു തടസമാണെങ്കിലും സ്‌പോൺസർഷിപ്പ് ഡീലുകൾ വഴി അതിനെ മറികടന്ന് മെസിയെ എത്തിക്കാൻ കഴിയുമോയെന്നാണ് ക്ലബ് ഉറ്റു നോക്കുന്നത്.
Barcelona fans are chanting Lionel Messi’s name during El Clasico after rumours about his potential return 👀 pic.twitter.com/NE7oeL2Nz5
— SPORTbible (@sportbible) April 5, 2023
മെസിയെപ്പോലൊരു താരത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലെന്ന് ബാഴ്‌സലോണ ആരാധകർ ആഗ്രഹിച്ച ദിവസമായിരിക്കും ഇന്നലെ. മുന്നേറ്റത്തിൽ ക്രിയാത്മകമായ ചലനങ്ങൾ സൃഷ്‌ടിക്കാൻ ബാഴ്‌സലോണക്ക് കാര്യമായി കഴിഞ്ഞില്ല. ക്രിസ്റ്റൻസെൻ, പെഡ്രി, ഫ്രാങ്കി ഡി ജോംഗ്, ഡെംബലെ എന്നീ താരങ്ങൾ പരിക്കേറ്റു പുറത്തിരുന്നതും ബാഴ്‌സലോണയുടെ പ്രകടനത്തെ ബാധിച്ചുവെന്നതിൽ സംശയമില്ല.