ഖത്തർ ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടങ്ങൾ നാളെ മുതൽ ആരംഭിക്കാനിരിക്കുമ്പോൾ ലയണൽ മെസിയുടെ അർജന്റീനയും കളിക്കളത്തിലുണ്ട്. കഴിഞ്ഞ തവണ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെയാണ് അർജന്റീന സെമി ഫൈനലിൽ നേരിടുന്നത്. ഇതിഹാസതാരമായ ലയണൽ മെസിയുടെ അവസാനത്തെ ലോകകപ്പാവാൻ സാധ്യതയുള്ളതിനാൽ തന്നെ അർജന്റീനക്ക് നിരവധി പേരുടെ പിന്തുണയുണ്ട്. അതിൽ ആരാധകർക്കു പുറമെ മുൻ താരങ്ങളുമെല്ലാം ഉൾപ്പെടുന്നു.
അർജന്റീനക്ക് ഏറ്റവുമവസാനം തന്റെ പിന്തുണ പ്രഖ്യാപിച്ചത് ബ്രസീലിന്റെ എക്കാലത്തെയും ഇതിഹാസതാരമായ റൊണാൾഡോ നസറിയോയാണ്. ലയണൽ മെസി ലോകകപ്പ് ഉയർത്തുന്നതു കണ്ടാൽ തനിക്ക് സന്തോഷമാകുമെന്നാണ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ നേടിയ രണ്ടാമത്തെ താരമായ റൊണാൾഡോ പറയുന്നത്. നേരത്തെ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ് അർജന്റീന കിരീടം നേടണമെന്ന് പറഞ്ഞതിന് പിന്നാലെയാണ് റൊണാൾഡോയും തന്റെ പിന്തുണ പ്രഖ്യാപിച്ചത്.
“മെസി ലോകകപ്പ് നേടിയാൽ എനിക്ക് സന്തോഷമാകും, ഒരു ബ്രസീലിയൻ എന്ന നിലയിൽ തന്നെ ഞാൻ സന്തോഷിക്കും. അതെല്ലാവരും അർഹിക്കുന്ന കാര്യമാണ്. ഫുട്ബോൾ കളിക്കുന്നതും വിജയം നേടുന്നതും. ആരും നിങ്ങൾക്ക് ഒന്നും നൽകാൻ പോകുന്നില്ല. അവന്റെ കഥക്കും ഒന്നിനും. തീർച്ചയായും മെസിക്കൊരു സാധ്യതയുണ്ട്. അർജന്റീന മികച്ച ഫുട്ബോൾ കളിക്കുന്നില്ല. പക്ഷെ അവർക്ക് അസാധാരണമായ അഭിനിവേശമുണ്ട്.”
“അവർ എല്ലാവരും ഒറ്റക്കെട്ടായി ഓടുന്നു, അവർക്ക് വളരെയധികം ആക്രമണോത്സുകതയുണ്ട്. പിന്നെ അവർക്കൊപ്പം ലയണൽ മെസിയുണ്ട്. താരം തന്റെ മേഖലയിൽ എത്തുമ്പോൾ വളരെ നിർണായക സാന്നിധ്യമായി മാറുന്നു. ലയണൽ മെസി ഈ ലോകകപ്പ് കിരീടം സ്വന്തമാക്കിയാൽ താരത്തെയോർത്ത് എനിക്ക് വളരെയധികം സന്തോഷമുണ്ടാകും.” റൊണാൾഡോ ഖത്തറിൽ വെച്ച് പറഞ്ഞു.
Ronaldo Nàzario to @TyCSports: “If Argentina wins the World Cup, I’ll be happy for Messi.” 🤝🇧🇷 pic.twitter.com/ZeUwpo7uhA
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 12, 2022
ലോകകപ്പിനു മുൻപു തന്നെ ലയണൽ മെസിക്കുള്ള തന്റെ പിന്തുണ റൊണാൾഡോ നൽകിയിരുന്നു. ബ്രസീൽ ലോകകപ്പ് ഉയർത്തിയില്ലെങ്കിൽ മെസി കിരീടം നേടണമെന്ന തന്റെ ആഗ്രഹമാണ് റൊണാൾഡോ വെളിപ്പെടുത്തിയത്. ഇപ്പോൾ ബ്രസീൽ ലോകകപ്പിൽ നിന്നും പുറത്തു പോയതോടെ നിരവധി ബ്രസീൽ താരങ്ങളും ആരാധകരും അർജന്റീന കിരീടം നേടണമെന്ന് ആഗ്രഹിക്കുന്നുണ്ടാകും എന്നു തീർച്ചയാണ്.