ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ലയണൽ മെസ്സി എല്ലാം തികഞ്ഞ ഫുട്ബോൾ താരമായി മാറുകയായിരുന്നു.ഇനി ഒന്നും തന്നെ മെസ്സിക്ക് ലോകഫുട്ബോളിൽ തെളിയിക്കാനില്ല.ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരമായി കൊണ്ടാണ് ആരാധകരും നിരീക്ഷകരും ഇതിഹാസങ്ങളുമൊക്കെ ഇപ്പോൾ മെസ്സിയെ വിലയിരുത്തുന്നത്.
കുറച്ച് വർഷങ്ങൾക്ക് മുന്നേ ലയണൽ മെസ്സിക്ക് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നത് അർജന്റീനയുടെ ദേശീയ ടീമിനൊപ്പം ഒരു അന്താരാഷ്ട്ര കിരീടം ഇല്ലാത്തതിന്റെ പേരിലായിരുന്നു. എന്നാൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ മൂന്ന് അന്താരാഷ്ട്ര കിരീടങ്ങൾ നേടിക്കൊണ്ട് ലയണൽ മെസ്സി ഏവരുടെയും വായ അടപ്പിച്ചു കഴിഞ്ഞു.സ്കലോണിയുടെയും സഹതാരങ്ങളുടെയും മികവ് കൂടി ഇതിനോടൊപ്പം ചേർക്കേണ്ട ഒരു കാര്യമാണ്.
എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായിരിക്കുന്നത് 2015ൽ ഹോസേ മിഗെൽ പലാങ്കോ എന്ന വ്യക്തി നടത്തിയ ഒരു പ്രവചനമാണ്. അതായത് 2022ൽ ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടം നേടിക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മാറും എന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം. കൃത്യമായി പറഞ്ഞാൽ 2015 മാർച്ച് ഇരുപതാം തീയതി രാത്രി 9:27നാണ് ഇദ്ദേഹം ഈ ട്വീറ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ട്വീറ്റിലെ വാക്കുകൾ ഇങ്ങനെയാണ്.’ ഡിസംബർ 18,2022ൽ 34കാരനായ ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടം നേടുകയും അതുവഴി ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മാറുകയും ചെയ്യും. ഏഴ് വർഷങ്ങൾക്ക് ശേഷം ഇത് നിങ്ങൾക്ക് പരിശോധിക്കാം ‘ ഇതായിരുന്നു പലാങ്കോയുടെ പ്രവചനം.
ഈ പ്രവചനം ഇപ്പോൾ അക്ഷരാർത്ഥത്തിൽ പുലർന്നിരിക്കുകയാണ്. ഖത്തർ വേൾഡ് കപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് ലയണൽ മെസ്സിയും അർജന്റീനയും കിരീടം നേടി.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെ മികച്ച താരമായി കൊണ്ടാണ് പലരും ഇപ്പോൾ മെസ്സിയെ പരിഗണിക്കുന്നത്.ഈ പ്രവചനത്തിൽ എന്തെങ്കിലും ഒരു പോരായ്മ ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിൽ അത് താരത്തിന്റെ പ്രായമാണ്. നിലവിൽ ലയണൽ മെസ്സിക്ക് 35 വയസ്സാണ്.
ഏതായാലും ഈ ട്വീറ്റ് ഇപ്പോൾ ലോക ഫുട്ബോൾ വളരെയധികം ചർച്ചയായിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഒരുപാട് പ്രവചനങ്ങൾ അക്കാലത്ത് നടത്തപ്പെട്ടിട്ടുണ്ടെന്നും അതിൽ അപൂർവമായി ചിലത് ശരിയാവുമെന്നുമാണ് ഒരു കൂട്ടം ആളുകൾ വാദിക്കുന്നത്.