ഖത്തർ ലോകകപ്പിലെ വിജയത്തോടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന നേട്ടത്തിലേക്ക് ലയണൽ മെസി തർക്കങ്ങളില്ലാതെ എത്തിയിരുന്നു. ടൂർണമെന്റിലെ ഏറ്റവും മികച്ച താരമെന്ന നേട്ടം സ്വന്തമാക്കിയാണ് ലയണൽ മെസി അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചത്. മെസിയുടെ ചിരകാല സ്വപ്‌നമാണ് ഖത്തറിൽ കിരീടമുയർത്തിയതോടെ പൂർത്തിയായത്.
ലോകകപ്പ് നേട്ടത്തോടെ കരിയറിലെ എല്ലാ പ്രധാനപ്പെട്ട നേട്ടങ്ങളും ലയണൽ മെസി സ്വന്തമാക്കി. എന്നാൽ ഇപ്പോഴും ലയണൽ മെസിയെക്കാൾ മികച്ച താരമാണ് റൊണാൾഡോയെന്നാണ് മുൻ സഹതാരം പാട്രിഷ് എവ്‌റ പറയുന്നത്. മെസിക്ക് ദൈവം ജന്മനാ കഴിവുകൾ നൽകിയപ്പോൾ കഠിനമായി അധ്വാനിച്ച് നേട്ടങ്ങൾ സ്വന്തമാക്കിയത് റൊണാൾഡോയെ വ്യത്യസ്തനാക്കുന്നുവെന്നാണ് എവ്‌റ പറയുന്നത്.
“റൊണാൾഡോ മികച്ച താരമാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ആഗ്രഹിക്കുന്നു, അവൻ എന്റെ സഹോദരനായതുകൊണ്ടല്ല. അവൻ ചെയ്യുന്നതിനെ ഞാൻ അംഗീകരിക്കുന്നു. മെസിക്ക് ദൈവം കളിക്കാനുള്ള കഴിവ് നൽകി. ക്രിസ്റ്റ്യാനോയ്ക്ക് അതിനായി വളരെ പ്രയത്നിക്കേണ്ടി വന്നു. ക്രിസ്റ്റ്യാനോയെപ്പോലെ മെസി അധ്വാനിച്ചാൽ, മെസ്സിക്ക് ഇന്ന് 15 ബാലൺ ഡി ഓർ ലഭിക്കുമായിരുന്നു.”
“കഠിനാധ്വാനം ചെയ്യുന്ന ആളുകളെ ഞാൻ സ്നേഹിക്കുന്നു, അതുകൊണ്ടാണ് ഞാൻ ക്രിസ്റ്റ്യാനോയെ തിരഞ്ഞെടുത്തത്, ലോകകപ്പിന് ശേഷം അവർ മെസിയാണ് ഏറ്റവും മികച്ചതെന്ന് പറയുന്നുണ്ടെന്ന് എനിക്കറിയാം, പക്ഷേ റൊണാൾഡോ വ്യത്യസ്ത തലത്തിലാണ്. ആരെങ്കിലും മെസ്സിയെ തിരഞ്ഞെടുത്താൽ ഞാൻ യോജിക്കും, പക്ഷെ എനിക്ക് ഇക്കാര്യത്തിൽ വ്യത്യസ്‌തമായ അഭിപ്രായമുണ്ട്.” എവ്‌റ വ്യക്തമാക്കി.
Messi vs Ronaldo: He would probably have 15 Ballon d’Ors – Patrice Evra chooses GOAT https://t.co/YhsNd1rU2d
— Daily Post Nigeria (@DailyPostNGR) March 9, 2023
തന്റെ കരിയറിൽ മെസി ഏഴു ബാലൺ ഡി ഓർ നേട്ടങ്ങളാണ് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. ഖത്തർ ലോകകപ്പ് നേടിയതോടെ ഈ വർഷത്തെ ബാലൺ ഡി ഓർ കൂടി മെസി സ്വന്തമാക്കാനുള്ള സാധ്യതയുണ്ട്. അതേസമയം അഞ്ചു ബാലൺ ഡി ഓർ നേട്ടങ്ങൾ സ്വന്തമാക്കിയ റൊണാൾഡോ ഇനിയൊരിക്കൽ കൂടി പുരസ്‌കാരം നേടാനുള്ള സാധ്യത കുറവാണ്.