സീസണിലെ തങ്ങളുടെ ആദ്യ ലാലിഗ മത്സരത്തിൽ ബാഴ്സലോണ വിയ്യാറയലിനെതിരെ വിജയം നേടിയപ്പോൾ താരമായത് പതിനേഴുകാരൻ അൻസു ഫാറ്റിയാണ്. മത്സരത്തിൽ ഇരുപതു മിനുട്ടിൽ രണ്ടു ഗോൾ നേടിയ താരം ബാഴ്സയുടെ നാലു ഗോൾ വിജയത്തിൽ നിർണായക പങ്കാണു വഹിച്ചത്. മത്സരത്തിനു ശേഷം നായകൻ മെസി തന്നിലുണ്ടാക്കുന്ന സ്വാധീനത്തിന് ഫാറ്റി നന്ദിയറിയിക്കുകയും ചെയ്തു.
“മെസിക്കൊപ്പം കളിക്കുന്നത് പലരുടെയും സ്വപ്നമാണെങ്കിൽ ചെറുപ്പം മുതൽ ഞാനതിൽ ജീവിച്ചു കൊണ്ടിരിക്കയാണ്. കളിക്കളത്തിലും ട്രയിനിംഗിലും പുറത്തുമെല്ലാം അദ്ദേഹം വളരെയധികം നിർദ്ദേശങ്ങൾ തരുന്നത് എനിക്കു സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.” മത്സരശേഷം ഫാറ്റി പറഞ്ഞു.
“കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഏറ്റവും മികച്ച സഹതാരങ്ങൾ എനിക്കുണ്ട്. അവരിൽ നിന്നും സഹായങ്ങൾ നേടി മികവു കാണിച്ച് ടീമിനു നേട്ടങ്ങളുണ്ടാക്കണം.” ഫാറ്റി വ്യക്തമാക്കി.
സുവാരസ് ടീം വിട്ടെങ്കിലും ബാഴ്സ ആക്രമണത്തിനു മൂർച്ച കുറഞ്ഞിട്ടില്ലെന്നാണ് മത്സരഫലം വ്യക്തമാക്കുന്നത്. ഫാറ്റിക്കു പുറമെ മെസി പെനാൽട്ടിയിലൂടെ ഒരു ഗോൾ നേടിയപ്പോൾ ഒരെണ്ണം സെൽഫ് ഗോളായിരുന്നു.