മെസി പറഞ്ഞാൽ യുദ്ധത്തിനു വരെ തയ്യാറാണെന്ന് അർജൻറീന മധ്യനിര താരം റോഡ്രിഗോ ഡി പോൾ. സ്കലോനി പരിശീലകനായതിനു ശേഷം അർജൻറീന ടീമിൽ സ്ഥിര സാന്നിധ്യമായ ഡി പോൾ 2011 മുതൽ ദേശീയ ടീമിന്റെ നായകനായ മെസിക്കു കീഴിൽ കളിക്കുന്നതിന്റെ ആവേശം ഫിഫ ഡോട്ട് കോമിനോടു സംസാരിക്കുമ്പോഴാണ് വ്യക്തമാക്കിയത്.
“മെസിയോടു വ്യക്തമായി സംസാരിക്കുകയും കാര്യങ്ങൾ പങ്കു വെക്കുകയും ചെയ്യുമ്പോൾ അദ്ദേഹം വളരെ സുതാര്യമായാണ് പെരുമാറുക. ആ സമയത്ത് മെസിയെ കുറിച്ച് നമ്മൾ എന്തു കരുതുന്നു എന്നതിനേക്കാൾ താരത്തിന്റെ മക്കളെക്കുറിച്ചും അദ്ദേഹം ഏതെങ്കിലും മത്സരത്തിൽ കാഴ്ച വെച്ച പ്രകടനത്തെ കുറിച്ചുമാകും സംസാരിക്കുക.”
“അതേ സമയം മെസി നായകനാകുമ്പോൾ അദ്ദേഹത്തിനു വേണ്ടി യുദ്ധം ചെയ്യാൻ വരെ ഞാൻ തയ്യാറാണ്. എല്ലാവർക്കും അവരിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്താണെന്ന് നന്നായി അറിയാം. ആരും പത്രവാർത്തകളിൽ ഇടം പിടിക്കാനല്ല കളിക്കുന്നത്. എന്നാൽ മെസിയെ ആർക്കും തൊടാനാകില്ല. മറ്റുള്ളവർ അതിൽ പങ്കു കൊള്ളുക മാത്രമാണു ചെയ്യുന്നത്.” ഡി പോൾ പറഞ്ഞു.
പരിശീലകനായ സ്കലോനി ടീം തിരഞ്ഞെടുപ്പിൽ നടത്തുന്ന തീരുമാനങ്ങൾക്കും ഡി പോൾ പിന്തുണ പ്രഖ്യാപിച്ചു. മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന തീരുമാനങ്ങളാണ് അദ്ദേഹം നടപ്പിലാക്കുന്നത് എന്നാണ് യുഡിനസ് നായകന്റെ അഭിപ്രായം.