മറ്റൊരു കടുപ്പമേറിയ ലാ ലിഗ മത്സരമാണ് ബാഴ്സലോണയെ സംബന്ധിച്ച് ഇന്നലെ പൂർത്തിയായത്. പത്തു പേരുമായി രണ്ടാം പകുതിയുടെ ഭൂരിഭാഗം സമയവും കളിച്ച അലാവസിനെ തോൽപിക്കാൻ ബാഴ്സക്കു കഴിഞ്ഞില്ല. അതേ സമയം ബാഴ്സലോണ നായകനായ മെസിക്കു മത്സരത്തിൽ ചുവപ്പുകാർഡ് നൽകണമായിരുന്നു എന്നാണ് മുൻ റഫറിയായ അൻഡുജാർ ഒലിവർ പറയുന്നത്.
മത്സരത്തിനിടയിൽ റഫറിയോടു പെരുമാറിയ രീതിയനുസരിച്ച് മെസിക്കു ചുവപ്പു കാർഡ് ലഭിക്കണമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. മുപ്പതാം മിനുട്ടിൽ റഫറിയുടെ തീരുമാനത്തിൽ കുപിതനായ ബാഴ്സ നായകൻ പന്ത് റഫറിക്കു നേരെ അടിച്ചിരുന്നു. ഇതേത്തുടർന്ന് താരത്തിനു മഞ്ഞക്കാർഡാണ് മത്സരം നിയന്ത്രിച്ച ഹെർണാണ്ടസ് ഹെർണാണ്ടസ് നൽകിയത്.
“ആ പന്ത് ഹെർണാണ്ടസിന്റെ ദേഹത്തു കൊണ്ടില്ലെങ്കിലും നേരിട്ടു ചുവപ്പു കാർഡ് നൽകി മെസിയെ പുറത്താക്കണമായിരുന്നു. ആ പ്രവൃത്തിയിലൂടെ റഫറിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച മെസി ചുവപ്പുകാർഡ് അർഹിക്കുന്നു.” റേഡിയോ മാർക്കയോടു സംസാരിക്കുമ്പോൾ ഒലിവർ വ്യക്തമാക്കി.
മത്സരത്തിൽ ബാഴ്സ ആധിപത്യം സ്ഥാപിച്ചെങ്കിലും ഗോളുകൾ മാത്രം അകന്നു നിൽക്കുകയായിരുന്നു. ഈ സീസണിൽ ബാഴ്സക്കു വേണ്ടി ഓപൺ പ്ലേയിൽ നിന്നും ഒരു ഗോൾ പോലും നേടാൻ മെസിക്കു കഴിഞ്ഞിട്ടില്ല. അതേസമയം ഗ്രീസ്മൻ ഗോൾ കണ്ടെത്തിയത് ബാഴ്സക്കു പ്രതീക്ഷയാണ്.