അത്ലറ്റിക് ക്ലബ്ബുമായി നടന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ, അവസാന നിമിഷങ്ങളിൽ സമനില ഗോളിനായി ശ്രമിക്കുന്നതിനടയിൽ മെസ്സിക്ക് ചുവപ്പു കാർഡ് കിട്ടിയതിൽ ഫുട്ബോൾ ലോകം ഞെട്ടാതെയിരുന്നിട്ടുണ്ടാവില്ല.
33കാരനായ താരം ആസിയർ വില്ലാലിബ്രെയെ തന്റെ വലത്തെ കൈ കൊണ്ട് അടിച്ചിട്ടതിനാണ് ചുവപ്പ് കാർഡ് ലഭിച്ചത്. കളി നിയന്ത്രിച്ചിരുന്ന ജീസസ് ഗിൽ മൻസാനോ ആദ്യം ഫൗൾ കണ്ടില്ലെങ്കിലും പിന്നീട് വി.എ.ആർ അസിസ്റ്റന്റ് റഫറിയുടെ നിർദ്ദേശ പ്രകാരം വീണ്ടും നോക്കിയപ്പോഴാണ് ബാഴ്സ സൂപ്പർ താരത്തിന് ചുവപ്പു കാർഡ് നൽകാൻ തീരുമാനിച്ചത്.
ഇത് മറ്റൊരു അതിശയകരമായ കാര്യത്തിലാണ് അവസാനിച്ചത്. മെസ്സിയുടെ ബാഴ്സ ജേഴ്സിയിലെ തന്റെ ആദ്യ ചുവപ്പു കാർഡാണ് താരത്തിന് ഇന്നലെ ലഭിച്ചത്. ഇതിനു മുൻപ് 2 മത്സരങ്ങളിൽ താരത്തിന് ചുവപ്പു കാർഡ് കിട്ടിയെങ്കിലും, അതു രണ്ടും അർജന്റീന ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോഴായിരുന്നു. ഒന്ന് 2005ൽ നടന്ന ഹംഗറി-അർജന്റീന മത്സരത്തിലും, പിന്നീട് 2019ൽ ചിലിക്കെതിരെ നടന്ന കോപ്പ അമേരിക്ക മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിലും.
മത്സരത്തിലെ റഫറിയുടെ തീരുമാനത്തെ പറ്റി മെസ്സിക്ക് യാതൊരു പ്രശ്നവുമുണ്ടാവില്ല, കാരണം വി.എ.ആറിൽ മെസ്സിയുടെ ഫൗൾ വ്യക്തമായിരുന്നു. ഇതു കണ്ട റഫറിക്ക് മറിച്ചൊരു തീരുമാനം ആലോചിക്കുന്നതിനു മുൻപേ താരത്തിന് ചുവപ്പു കാർഡ് കാണിക്കുകയായിരുന്നു.
ഇങ്ങനെയൊരു ഫൗൾ മെസ്സിയിൽ നിന്നും ആരും തന്നെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, കൂടാതെ ഈ ഫൗൾ താരത്തിനു മത്സരങ്ങളിൽ നിന്നും വിലക്കുകളിലേക്ക് നയിക്കാനും സാധ്യതയേറെയാണ്. കളി നിയന്ത്രിച്ച മാൻസാനോ ഫൗളിനെ അതി രൂക്ഷമായി റിപോർട്ടിൽ എഴുതുകയാണെങ്കിൽ, സ്പാനിഷ് ഫുട്ബോൾ ഡിസിപ്ലിനറി കോഡിന്റെ ആർട്ടികൾ 98 പ്രകാരം, താരം 4 മുതൽ 12 മത്സരങ്ങൾ വരെ വിലക്ക് നേരിടാൻ സാധ്യതയുണ്ട്.
സ്പാനിഷ് മാധ്യമമായ മാർക്കാ റിപ്പോർട്ട് ചെയ്തതു പ്രകാരം, ബാഴ്സയുടെ കപ്പിത്താൻ 4 മത്സരങ്ങളുടെ വിലക്ക് നേരിട്ടേക്കും. പക്ഷെ ഈ വിലക്ക് 12 വരെ നീണ്ടേക്കാം, കാരണം വിലക്കിന്റെ അടിസ്ഥാനം റഫറിയുടെ റിപ്പോർട്ട് അനുസരിച്ചിരിക്കും.
തന്റെ പ്രവർത്തിയുടെ അനന്തര ഫലമായി താരത്തിനു വിലക്കു വീഴുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം….