സൂപ്പർ താരം ലയണൽ മെസ്സിയെ തങ്ങളുടെ ക്ലബ്ബിൽ എത്തിക്കുക എന്നുള്ളത് ലോകത്തുള്ള ഏതൊരു ക്ലബ്ബിന്റെയും ആഗ്രഹമായിരിക്കും. ബാഴ്സ വിടാൻ അനുവാദം ചോദിച്ച മെസ്സിക്ക് തടസ്സമായി നിൽക്കുന്നത് ബാഴ്സ തന്നെയാണ്. മെസ്സിയെ സ്വന്തമാക്കണമെങ്കിൽ റിലീസ് ക്ലോസ് നൽകണം എന്നാണ് ബാഴ്സയുടെ നിലപാട്. അതായത് മെസ്സിയെ ക്ലബ്ബിൽ എത്തിക്കാൻ 700 മില്യൺ യുറോ നിർബന്ധമായും അടച്ചിരിക്കണം എന്നർത്ഥം.
ഇപ്പോഴിതാ തന്റെ ക്ലബ്ബിന് മെസ്സിയെ സൈൻ ചെയ്യാൻ വേണ്ടി സഹായങ്ങൾ എത്തിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് സ്റ്റുട്ട്ഗർട്ട് ആരാധകൻ. ബുണ്ടസ്ലിഗയിൽ കളിക്കുന്ന ക്ലബാണ് സ്റ്റുട്ട്ഗർട്ട്. ഈ ക്ലബ്ബിന്റെ ആരാധകനായ ടിം ആർട്ട്മാന് ഒരു ലക്ഷ്യം മാത്രമേ ഒള്ളൂ. തങ്ങളുടെ ക്ലബ് മെസ്സിയെ സൈൻ ചെയ്യണം. മെസ്സി തങ്ങളുടെ ക്ലബ്ബിൽ കളിക്കണം. അതിന് വേണ്ടി പണം കണ്ടെത്താൻ ഇറങ്ങി തിരിച്ചിരിക്കുകയാണ് ഇദ്ദേഹം. മെസ്സിയെ സൈൻ ചെയ്യാൻ പണം സംഭാവന ചെയ്യുക എന്ന അറിയിപ്പോടെ തങ്ങളുടെ ആരാധകർക്കിടയിൽ ഇദ്ദേഹം പണപ്പിരിവ് തുടങ്ങി.
സോഷ്യൽ മീഡിയ വഴിയാണ് ഇദ്ദേഹം പിരിവ് ആരംഭിച്ചത്. 900 മില്യൺ യുറോയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം (805 മില്യൺ പൗണ്ട്). അതായത് മെസ്സിയുടെ റിലീസ് ക്ലോസിനെക്കാൾ 200 മില്യൺ യുറോ അധികം വരും. ആരാധകനായ ആർട്ട്മാൻ മറ്റൊരു കാര്യം കൂടി വ്യക്തമായി പറയുന്നുണ്ട്. മെസ്സിയെ സൈൻ ചെയ്യാൻ സാധിക്കാതെ വന്നാൽ ഈ തുക മുഴുവനും വാട്ടർ ചാരിറ്റിക്കും നൽകുമെന്ന് ഇദ്ദേഹം വ്യക്തമാക്കി.വിദൂരമായ സ്വപ്നം ആണെങ്കിലും സ്റ്റുട്ട്ഗർട്ട് ആരാധകരും ജനങ്ങളും ഇത് തള്ളികളയാൻ തയ്യാറായില്ല.ആരാധകർ പണമയച്ചു തുടങ്ങി.
അഞ്ച് ദിവസത്തിനകം 262 യുറോ (234 പൗണ്ട് ) ലഭിച്ചെന്നാണ് കാണിക്കുന്നത്. ഒരു ഫണ്ട്‌റൈസിങ് പേജ് നിർമിച്ച ഇദ്ദേഹം അതിലൂടെയാണ് ലഭിച്ച തുകയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഗോഫണ്ട്‌മി എന്നാണ് ഈ പേജിന്റെ ഐഡി. മെസ്സിയെ സൈൻ ചെയ്യാൻ കഴിയാതെ വരികയോ മറ്റൊരു ക്ലബ്ബിലേക്ക് പോവുകയോ ചെയ്താൽ ഈ പണം ചാരിറ്റിക്ക് ഉപയോഗിക്കുമെന്ന് നൂറ് ശതമാനം ഉറപ്പിച്ചു കൊണ്ട് അദ്ദേഹം പേജ് ഡിസ്ക്രിപ്ഷനിൽ പറയുന്നുണ്ട്. ഡെയിലി മെയിൽ ആണ് ഈ വാർത്ത ഇപ്പോൾ ഫുട്ബോൾ ലോകത്തെ അറിയിച്ചിരിക്കുന്നത്. ഏതായാലും വളരെ വലിയ തോതിൽ ഈ വാർത്ത മാധ്യമങ്ങളിൽ ഇടം നേടി.ഒടുവിലെ വിവരം അനുസരിച്ച് 424 യുറോ ആയിട്ടുണ്ട്.