കഴിഞ്ഞ സീസൺ മെസ്സി സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയതായിരുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.ആ യാഥാർത്ഥ്യം മെസ്സി അംഗീകരിച്ചതുമാണ്. പെട്ടെന്ന് ക്ലബ്ബ് മാറേണ്ടി വന്നതും പരിക്കും കോവിഡുമൊക്കെ വന്നതും മെസ്സിക്ക് തിരിച്ചടി ഏൽപ്പിക്കുകയായിരുന്നു.വിമർശനങ്ങൾ മെസ്സിക്ക് ഏൽക്കേണ്ടി വരികയും ചെയ്തിരുന്നു.
എന്നാൽ ഈ സീസൺ അങ്ങനെയല്ല. വിമർശകരുടെ വായടപ്പിക്കാൻ സീസണിന്റെ തുടക്കത്തിൽ തന്നെ മെസ്സിക്ക് സാധിച്ചു. ക്ലബ്ബിനും രാജ്യത്തിനുമായി ആകെ ഈ സീസണിൽ 12 ഗോളുകളും എട്ട് അസിസ്റ്റുകളും കരസ്ഥമാക്കാൻ മെസ്സിക്ക് കഴിഞ്ഞു. മെസ്സി ഇല്ലെങ്കിൽ ക്ലബ്ബ് ബുദ്ധിമുട്ടുന്ന ഒരു കാഴ്ച ലീഗ് വൺ മത്സരത്തിൽ കാണാനും കഴിഞ്ഞിരുന്നു.
പിഎസ്ജിക്ക് വേണ്ടി ദീർഘകാലം കളിച്ചിരുന്ന മിഡ്ഫീൽഡർ ആയ ബ്ലൈസ് മറ്റിയൂഡി മെസ്സിയെക്കുറിച്ച് ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. നമ്മൾ കാണാൻ ഇഷ്ടപ്പെട്ടിരുന്ന മെസ്സിയെ നമുക്ക് ലഭിച്ചു കഴിഞ്ഞു എന്നാണ് മറ്റിയൂഡി പറഞ്ഞിട്ടുള്ളത്.ലെ പാരീസിയനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ പുതിയ പരിസ്ഥിതിയുമായി ഇണങ്ങിച്ചേരാൻ അദ്ദേഹത്തിന് കഴിഞ്ഞ സീസണിൽ സമയം ആവശ്യമുണ്ടായിരുന്നു.ബാഴ്സയായിരുന്നു അദ്ദേഹത്തിന്റെ വീടും കുടുംബം. ബാഴ്സ വിട്ടുകൊണ്ട് പുതിയ ചാമ്പ്യൻഷിപ്പിലേക്ക് എത്തിയത് മൂലം ഇണങ്ങിച്ചേരാൻ അദ്ദേഹത്തിന് കൂടുതൽ സമയം ആവശ്യമായി വന്നു.പക്ഷേ മെസ്സിയെ പോലെ ഒരു താരത്തിൽ നിന്നും നമ്മൾ എന്താണ് പ്രതീക്ഷിക്കുന്നത് അതാണ് ഈ സീസണിൽ നമുക്ക് അദ്ദേഹം നൽകുന്നത്. നമ്മൾ മികച്ച മെസ്സിയെ കണ്ടെത്തിക്കഴിഞ്ഞു. നമ്മൾ ഏവരും കാണാൻ ഇഷ്ടപ്പെട്ടിരുന്ന മെസ്സിയെയാണ് നമുക്കിപ്പോൾ ലഭിച്ചു കഴിഞ്ഞിരിക്കുന്നത് ‘ മറ്റിയൂഡി പറഞ്ഞു.
Messi’s Form in Year 2 at PSG Has Impressed Former Midfielder https://t.co/Y7AR2Hvuga
— PSG Talk (@PSGTalk) October 8, 2022
13 മത്സരങ്ങളാണ് ആകെ ഈ സീസണിൽ മെസ്സി പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ളത്. എട്ടു ഗോളുകളും 8 അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്. പരിക്കിൽ നിന്നും മുക്തനായി കൊണ്ട് മെസ്സി മികവ് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.