ലോകത്തിലെ ഏറ്റവും മികച്ച താരത്തെ ക്ലബ് വിട്ടു പോവാൻ ഞാൻ അനുവദിക്കില്ല,മെസ്സി വിഷയത്തിൽ ബർത്തോമു പറയുന്നു.

ഒരാഴ്ച്ചക്കാലം ട്രാൻസ്ഫർ ജാലകത്തെ ഇളക്കി മറിച്ച വാർത്തയായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിടുന്നു എന്ന വാർത്ത. ബാഴ്സ വിടാൻ ക്ലബ്ബിനോട് അനുമതി ചോദിച്ചത് മുതൽ ഉടലെടുത്ത അഭ്യൂഹങ്ങൾക്ക് വിരാമമായത് ദിവസങ്ങൾക്ക് ശേഷമാണ്. തുടർന്ന് ഗോൾ ഗോളിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി ബാഴ്‌സയിൽ തുടരുമെന്ന് അറിയിച്ചത്. അപ്പോഴാണ് താരത്തിന്റെ ആരാധകർക്ക് ശ്വാസം നേരെ വീണത്. എന്നാൽ ആ അഭിമുഖത്തിൽ ബർത്തോമുവിനെതിരെ മെസ്സി ആഞ്ഞടിച്ചിരുന്നു.

ബർത്തോമു വാക്ക് പാലിക്കാത്തവനാണ് എന്നാണ് മെസ്സി അന്ന് പറഞ്ഞത്. തനിക്ക് പോകാൻ എപ്പോൾ വേണമെങ്കിലും അനുവാദമുണ്ട് എന്ന് പറഞ്ഞ ബർത്തോമു പിന്നീട് തന്നെ പോകാൻ അനുവദിച്ചില്ല എന്നുമായിരുന്നു മെസ്സിയുടെ ആരോപണം. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് ബാഴ്‌സ പ്രസിഡന്റ്‌. ലോകത്തിലെ ഏറ്റവും മികച്ച താരത്തെ ക്ലബ് വിട്ടു പോവാൻ തനിക്ക് അനുവദിക്കാനാവില്ല എന്നാണ് ബർത്തോമു അറിയിച്ചത്. മെസ്സി വിഷയത്തിൽ ഇനിയൊരു വിവാദം ഉണ്ടാക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

” ബാഴ്‌സയുടെ പ്രസിഡന്റ്‌ എന്ന നിലയിൽ, ഇനി മെസ്സിയുമായി ഒരു വിവാദത്തിന് തുടക്കം കുറിക്കാൻ ഞാനില്ല. മെസ്സി ഞങ്ങളുടെ ക്യാപ്റ്റനാണ്. അദ്ദേഹം ഞങ്ങളുടെ നായകനുമാണ്. നിലവിൽ പ്രശ്നങ്ങൾ എല്ലാം ഒതുങ്ങിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് എന്താണോ അതവിടെ കഴിഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച താരത്തെ ക്ലബ് വിടാൻ ഞാൻ അനുവദിക്കില്ല. ടീമിന് അദ്ദേഹത്തെ ആവിശ്യമുണ്ട്. അദ്ദേഹം വിജയങ്ങൾ ഉറപ്പ് നൽകുന്നു. കാര്യങ്ങൾ വീട്ടിൽ വെച്ചാണ് ചർച്ച ചെയ്യേണ്ടത്. തീർച്ചയായും അദ്ദേഹത്തിന് ടീമിന്റെയും സഹതാരങ്ങളുടെയും പിന്തുണയുണ്ട് ” ബർത്തോമു തുടർന്നു.

” ഇപ്പോഴും മെസ്സി ഞങ്ങളുടെ കൂടെ ഉണ്ട് എന്ന കാര്യത്തിൽ ഞങ്ങൾ സ്വയം അഭിനന്ദിക്കേണ്ടതുണ്ട്. പരിശീലകനായ റൊണാൾഡ് കൂമാന്റെ പ്രൊജക്റ്റിൽ തീർച്ചയായും മെസ്സി താല്പര്യമുള്ളവനും പ്രതീക്ഷയുള്ളവനുമാണ്. ഇവിടുത്തെ പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ അദ്ദേഹം ബാഴ്സ താരമാണ്. ഇത് അദ്ദേഹത്തെ വീടാണ്. അദ്ദേഹം ഈ ക്ലബ്ബിൽ വിരമിക്കുന്നത് കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ” ബാഴ്‌സ പ്രസിഡന്റ്‌ ടിവി ത്രീക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Rate this post
BartomeuFc BarcelonaLionel Messitransfer News