എഫ്സി ബാഴ്സയുടെ മിന്നുംതാരം ലയണൽ മെസ്സി ക്ലബ് വിടുമെന്ന തീരുമാനത്തിൽ അടിയുറച്ചു നിൽക്കുകയാണ്. ഈ ട്രാൻസ്ഫർ വിന്റോയിൽ തന്നെ തനിക്ക് ബാഴ്സ വിടണം എന്ന നിലപാടിലാണ് മെസ്സി. ഇതിനെ തുടർന്ന് മെസ്സിയുടെ പിതാവും പ്രസിഡന്റ് ബർത്തോമുവും തമ്മിൽ ചർച്ച നടത്താൻ തീരുമാനമായിട്ടുണ്ട്. അതിന് ശേഷം മാത്രമേ ഈ ട്രാൻസ്ഫർ അഭ്യൂഹത്തിൽ ഒരു വ്യക്തത കൈവരുകയൊള്ളൂ. ഏതായാലും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.
എന്നാൽ ലയണൽ മെസ്സിയെ ബാഴ്സയിൽ പിടിച്ചു നിർത്താൻ ശ്രമിക്കുന്നത് രണ്ടേ രണ്ട് താരങ്ങൾ മാത്രമാണ്. സൂപ്പർ താരവും മെസ്സിയുടെ ഉറ്റസുഹൃത്തുമായ ലൂയിസ് സുവാരസും മധ്യനിര താരവുമായ ആർതുറോ വിദാലുമാണ് മെസ്സിയെ ബാഴ്സയിൽ തുടരാൻ പ്രേരിപ്പിക്കുന്നത്. പ്രമുഖ ഇംഗ്ലീഷ് മാധ്യമം സ്കൈ സ്പോർട്സ് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഈ രണ്ട് താരങ്ങളും ക്ലബ്ബിന് പുറത്തേക്കുള്ള വഴിയിലാണ് എന്നതാണ് രസകരമായ കാര്യം.
ബാഴ്സയിലെ മറ്റുള്ള സഹതാരങ്ങൾ എല്ലാവരും തന്നെ ഇക്കാര്യത്തെ കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്തിരിക്കുന്നത് എന്നാണ് സ്കൈ സ്പോർട്സിന്റെ കണ്ടെത്തൽ. മെസ്സിയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളും ഏറെ കാലം മുമ്പ് തന്നെ സഹതാരങ്ങളുമായി ജെറാർഡ് പിക്വേയും സെർജിയോ ബുസ്ക്കെറ്റ്സും മെസ്സിയുടെ ട്രാൻസ്ഫറിനെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. മെസ്സിയുടെ ബാഴ്സ വിടലിനെ പിന്തുണക്കാനോ നിരുത്സാപ്പെടുത്താനോ ബാക്കിയുള്ള ആരും തന്നെ തയ്യാറായിട്ടില്ല എന്നാണ് കണ്ടെത്തൽ.
എന്നാൽ ലൂയിസ് സുവാരസ് മെസ്സിയുമൊത്ത് ഒരു റെസ്റ്റോറന്റിൽ ചിലവഴിക്കുന്നത് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. മെസ്സിയുമായി അടുത്ത ബന്ധം പുലർത്തുന്ന സുവാരസ് മെസ്സി ബാഴ്സ വിടണ്ട എന്ന അഭിപ്രായക്കാരനാണ്.ഇതേ അഭിപ്രായം തന്നെയാണ് ആർതുറോ വിദാലിനും ഉള്ളത്. അതേ സമയം ബാഴ്സക്കെതിരെ കഴിഞ്ഞ ദിവസം വിദാൽ രൂക്ഷമായ രീതിയിൽ പ്രതികരിച്ചിരുന്നു. ഏതായാലും ബാക്കിയുള്ള എല്ലാ താരങ്ങളും മെസ്സിയുടെ കാര്യത്തിൽ മൗനമാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് വാർത്തകൾ.