രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് അമേരിക്കൻ ഡിഫൻഡർ സെർജിനോ ഡെസ്റ്റ് എഫ്സി ബാഴ്സലോണയിൽ എത്തിയത്. അയാക്സിൽ നിന്നാണ് ഈ യുവതാരം ബാഴ്സലോണയിൽ എത്തിയത്. നെൽസൺ സെമെഡോ ക്ലബ് വിട്ട സ്ഥാനത്തേക്കാണ് താരത്തെ കൂമാൻ പരിഗണിക്കുന്നത്.ഈ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സൈനിങ് ആണ് ഡെസ്റ്റിന്റെത്.
ഇപ്പോഴിതാ താരം മെസ്സിയുമായുള്ള കൂടിക്കാഴ്ച്ചയുടെ ആദ്യത്തെ അനുഭവം പങ്കുവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് താരം ബാഴ്സയുടെ പരിശീലനത്തിന് എത്തിയത്. താരം മെസ്സിയെ കണ്ടുവെങ്കിലും മെസ്സിക്ക് ഇംഗ്ലീഷ് അറിയാത്തതും ഡെസ്റ്റിന് സ്പാനിഷ് അറിയാത്തതും കാരണം ആശയവിനിമയത്തിന് തടസ്സമുണ്ടായതായി ഡെസ്റ്റ് അറിയിച്ചു. എന്നാൽ മെസ്സിയോടൊപ്പമുള്ള നിമിഷങ്ങൾ വളരെയധികം പ്രത്യേകത ഉള്ളതായി അനുഭവപ്പെട്ടുവെന്നും ഡെസ്റ്റ് തുറന്നു പറഞ്ഞു.
” ഞാൻ ഇന്ന് എല്ലാ താരങ്ങളെയും കണ്ടു. കൂടെ മെസ്സിയെയും. അദ്ദേഹത്തിന് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയില്ലായിരുന്നു. എങ്കിൽ പോലും അതൊരു പ്രത്യേകതയുള്ള കൂടികാഴ്ച്ചയായിരുന്നു. സത്യസന്ധമായി പറഞ്ഞാൽ അദ്ദേഹം എന്താണ് എന്നോട് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. പക്ഷെ ഞങ്ങൾ രണ്ടും പരസ്പരം ചിരിച്ചു. അത് ശരിയായ കാര്യം തന്നെയല്ലേ? ” ഡെസ്റ്റ് പറഞ്ഞു.
ഇന്ന് നടക്കുന്ന സെവിയ്യക്കെതിരെയുള്ള മത്സരത്തിൽ ഡെസ്റ്റിന് ഇറങ്ങാൻ സാധിച്ചേക്കും. അല്പം മുമ്പാണ് കളിക്കാനുള്ള അനുമതി ലാലിഗയിൽ നിന്നും താരത്തിന് ലഭിച്ചത്. എന്നാൽ പരിശീലകൻ കൂമാൻ താരത്തെ ഇറക്കുമോ എന്നുള്ളത് സംശയത്തിലാണ്.