സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലെ ബാഴ്സയുടെ പ്രതിരോധത്തിന്റെ പിഴവുകളെ കുറിച്ച് രോഷാകുലനായി ഗ്രീസ്മാൻ. ഫൈനലിൽ ഇരട്ട ഗോളുകൾ നേടി ടീമിനെ ഇരുപ്രാവശ്യം മുന്നിൽ എത്തിച്ച താരം ബാഴ്സയുടെ പ്രധിരോധത്തിലെ വിള്ളലുകൾ കാരണം ജയം കൈവിട്ടു പോയതിൽ സങ്കടത്തിലാണ്.
“ഞങ്ങൾക്ക് സെറ്റ് പീസ് എടുക്കുന്നതിൽ പാളിച്ചകൾ സംഭവിച്ചു. വരുന്ന ആഴ്ചകളിൽ അതിൽ കൂടുതൽ ശ്രദ്ധ കൊടുക്കണം.” കളി കഴിഞ്ഞതിനു ശേഷം താരം പറഞ്ഞതിങ്ങനെ.
“ഞങ്ങൾ നല്ല രീതിയിൽ പ്രതിരോധിച്ചില്ല, കളിക്കിടയിൽ പരസ്പരം സംസാരിച്ചതുമില്ല….
“പന്ത് പുറത്തേക്കു പോകുമ്പോൾ, ആരെങ്കിലും അലറി വിളിച്ചു പറയണം.”
ബാഴ്സ ടീമിൽ നിലകൊളുന്ന പ്രശ്നങ്ങളെ കൃത്യമായി കാണിക്കുന്നതായിരുന്നു താരത്തിന്റെ മറുപടി. ടീമംഗളുമായിട്ടുള്ള അടുപ്പത്തിന്റെയും സംസാരത്തിന്റെയും കുറവുകളും കോച്ച് റൊണാൾഡ് കൂമാന്റെ മോശം തന്ത്രങ്ങളും, ഗ്രൗണ്ടിൽ ടീമിനെ കാര്യമായി ബാധിച്ചു.
ബാഴ്സയുടെ ഏഴാം നമ്പർ താരത്തോട് കയ്യിലുണ്ടായിരുന്ന കളിയെ കൈവിട്ടു കളഞ്ഞതിൽ ടീമിനും താങ്കൾക്കും എന്തു തോന്നുന്നു എന്ന് ചോദിച്ചപ്പോൾ സങ്കടവും കളി കൈവിട്ടത്തിലുള്ള ദേഷ്യവും നിറഞ്ഞ മറുപടി നൽകിയതിങ്ങനെ:
“ഞങ്ങൾക്ക് എങ്ങനെ തോന്നുന്നുവെന്നോ?”ഗ്രീസ്മാൻ സങ്കടത്തോടെ പറഞ്ഞുതുടങ്ങി.
“ഞങ്ങൾക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട്, വിഷമമുണ്ട്, ദേഷ്യം വരുന്നുണ്ട്….”
“നിങ്ങൾ ഒരു ഫൈനൽ തോൽക്കുകയാണെങ്കിൽ, ഈ വികാരങ്ങളൊക്കെയും ഉണ്ടാവും.”
അവസാന നിമിഷങ്ങളിൽ മെസ്സിക്ക് കിട്ടിയ ചുവപ്പു കാർഡിനെ കുറിചു ചോദിച്ചപ്പോൾ താരം പ്രതികരിച്ചതിങ്ങനെ:
ഞാൻ പന്തിനു വേണ്ടി മുന്നോട്ടോടുകയായിരുന്നു. അതു കൊണ്ട് എനിക്ക് എന്താണ് സംഭവിച്ചതെന്ന് ക്രത്യമായി കാണുവാൻ സാധിച്ചില്ല. എന്താണ് ഉണ്ടായതെന്ന് എനിക് അറിയില്ല.
ബാഴ്സ മൂന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങിയ മത്സരത്തിൽ, ആരും പ്രതീക്ഷിക്കാതെ ഉണ്ടായതാണ് മെസ്സിയുടെ റെഡ് കാർഡ്. ഈ റെഡ് കാർഡിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. ബാഴ്സ ജേഴ്സിയിൽ മെസ്സി ആദ്യമായിട്ടാണ് റെഡ് കാർഡിന്റെ പ്രഹരമേറ്റുവാങ്ങുന്നത്.
ഒരു ദശാബ്ദമൊട്ടാകെ ഫുട്ബോൾ ലോകത്തെ ചലിപ്പിച്ച മെസ്സിയൻ യുഗത്തിനു ഇത് അസ്തമയമോ? പ്രതാപ കാലം തിരിച്ചു പിടിക്കാൻ വെമ്പുന്ന ബാഴ്സയുടെ ടിക്കി ട്ടാക്ക തിരിച്ചു വരുമോ? ബാഴ്സയുടെ പ്രശ്നങ്ങൾക്കുള്ള ഉത്തരം നൽകാൻ ഇതിഹാസമെത്തുമോ?
ഏവർക്കും കാത്തിരിക്കാം ഫുട്ബോൾ ലോകം അടക്കി ഭരിച്ച ടിക്കി ട്ടാകയുടെ രാജ്കുമാരനായ്. തിരിച്ചെത്തുമോ സേവി?