ചാമ്പ്യൻസ് ലീഗിലെ തോൽവിയെ തുടർന്ന് പുറത്താക്കപ്പെട്ട കീക്കെ സെറ്റിയന് പകരക്കാരനായാണ് റൊണാൾഡ് കൂമാൻ ബാഴ്സയുടെ പരിശീലകസ്ഥാനത്ത് എത്തിയത്. തുടർന്ന് താരം മെസ്സിയെ കണ്ടെങ്കിലും മെസ്സി ബാഴ്സ വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് മെസ്സി ബാഴ്സയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും മെസ്സിയും കൂമാനും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ആ ഊഹാപോഹങ്ങളെ കാറ്റിൽ പറത്തി കൊണ്ട് കൂമാൻ നേരിട്ട് തന്നെ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ചയായിരുന്നു മെസ്സി പരിശീലനത്തിന് എത്തിയത്. അന്ന് മുതൽ ഇന്ന് വരെയുള്ള മെസ്സിയുടെ പരിശീലനത്തിന്റെ പുരോഗതി വിലയിരുത്തുകയായിരുന്നു കൂമാൻ. പരിശീലനത്തിന് ശേഷം മെസ്സിയെ പുകഴ്ത്താനും കൂമാൻ മറന്നില്ല. മെസ്സി മികച്ചവനാണ് എന്ന കാര്യം താൻ എത്രയോ തവണ പറഞ്ഞതാണെന്നും ബാഴ്‌സക്ക് ഏറ്റവും പ്രധാനപ്പെട്ട താരമാണ് മെസ്സിയെന്നുമാണ് കൂമാൻ പറഞ്ഞത്.
” മെസ്സി മികച്ച താരമാണ്. ഈ കാര്യം ഞാൻ മുമ്പ് എത്രയോ തവണ പറഞ്ഞതുമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി മെസ്സി ബാഴ്സയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് എന്ന് തെളിയിച്ചതാണ്. തീർച്ചയായും അദ്ദേഹം ഏറ്റവും പ്രധാനപ്പെട്ട താരമാണ്. ഈ സീസണിലും അദ്ദേഹം അത് തെളിയിക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് ” കൂമാൻ മെസ്സിയെ കുറിച്ച് പറഞ്ഞു. ബാഴ്സയുടെ പരിശീലനത്തെ പറ്റി കാര്യങ്ങൾ പങ്കുവെക്കാനും കൂമാൻ മറന്നില്ല.
” പരിശീലനം വളരെയധികം പോസിറ്റീവ് ആയിരുന്നു. രണ്ടാഴ്ച്ചയായി ഞങ്ങൾ നടത്തുന്ന പരിശീലനം മികച്ച രീതിയിൽ തന്നെയാണ് തുടർന്നു പോന്നത്. ആദ്യത്തെ ആഴ്ച്ച ഫിറ്റ്നസിനും ഈ ആഴ്ച്ച ടാക്റ്റിക്സിനുമാണ് പ്രാധാന്യം നൽകിയത്. എല്ലാ താരങ്ങളും പൂർണമായും പരിശീലനത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ആ കാര്യത്തിൽ ഞാൻ സന്തോഷവാനാണ് ” കൂമാൻ ബാഴ്സയുടെ ചാനലിനോട് പറഞ്ഞു.