സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിടാനുള്ള ഒരുക്കത്തിലാണ് എന്നുള്ളത് ഏകദേശം ഉറപ്പായി കഴിഞ്ഞ കാര്യമാണ്. കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ അതിനുള്ള ശ്രമങ്ങൾ മെസ്സി നടത്തിയിരുന്നുവെങ്കിലും ബാഴ്സ വിലങ്ങുതടിയായതിനാൽ നീക്കം വിഫലമാവുകയായിരുന്നു. മെസ്സിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയാണ് മുൻനിരയിൽ ഉള്ളത്. പരിശീലകൻ പെപ് ഗ്വാർഡിയോള സിറ്റിയുമായി കരാർ പുതുക്കിയത് ഈ അഭ്യൂഹങ്ങൾക്ക് ശക്തി പകരുകയും ചെയ്തു.
എന്നാൽ സിറ്റിക്ക് പുറമേ മറ്റൊരു പ്രീമിയർ ലീഗ് വമ്പൻമാരും മെസ്സിക്ക് വേണ്ടിയുള്ള ശ്രമത്തിലാണ്.ലംപാർഡിന്റെ ചെൽസിയാണ് മെസ്സിയെ ക്ലബ്ബിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുക. ദി സണ്ണിനെ ഉദ്ധരിച്ചു കൊണ്ട് സ്പാനിഷ് മാധ്യമമായ സ്പോർട്ട് ഈ വാർത്ത പുറത്ത് വിട്ടിട്ടുണ്ട്. മെസ്സിയെ ടീമിലെത്തിക്കാൻ ചെൽസിക്ക് താല്പര്യമുണ്ട് എന്നാണ് വാർത്തകൾ. അടുത്ത സമ്മറിൽ മെസ്സിയുടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കും.
അതിനാൽ തന്നെ ഫ്രീ ഏജന്റ് ആയ മെസ്സിയെ ടീമിലെത്തിക്കാൻ ട്രാൻസ്ഫർ ഫീ നൽകേണ്ടി വരില്ല. മറിച്ച് മെസ്സിയുടെ സാലറിയാണ് താങ്ങേണ്ടി വരും. മെസ്സി കൂടി വന്നാൽ ടീമിനെ ഏറെ ശക്തിപ്പെടുത്താം എന്നാണ് ലംപാർഡിന്റെ കണക്കുക്കൂട്ടലുകൾ. ഈ ട്രാൻസ്ഫർ ജാലകത്തിൽ പണമൊഴുക്കി കൊണ്ട് നിരവധി സൂപ്പർ താരങ്ങളെ ചെൽസി സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തിച്ചിരുന്നു. 230 മില്യൺ യൂറോയായിരുന്നു ചെൽസി ഈ ട്രാൻസ്ഫർ ജാലകത്തിൽ ചിലവഴിച്ചിരുന്നത്.
കായ് ഹാവെർട്സ്, ബെൻ ചിൽവെൽ, ഹാക്കിം സിയെച്ച്, ടിമോ വെർണർ, എഡ്വഡ് മെന്റി എന്നിവരെ കൂടാതെ തിയാഗോ സിൽവയെയും ചെൽസി ടീമിൽ എത്തിച്ചിരുന്നു. പക്ഷെ മെസ്സിയെ കൺവിൻസ് ചെയ്യിക്കുക എന്നുള്ളതായിരിക്കും ചെൽസിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാൻ തന്നെയാണ് സാധ്യത.