ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്ന പ്രശസ്തി മെസിയെ പരിശീലിപ്പിക്കുന്നതു ദുഷ്കരമാക്കിയെന്ന് മുൻ ബാഴ്സലോണ പരിശീലകൻ ക്വിക്കെ സെറ്റിയൻ. ജനുവരിയിൽ വാൽവെർദെക്കു പകരക്കാരനായി സ്ഥാനമേറ്റെടുത്ത സെറ്റിയനെ സീസൺ അവസാനിച്ചതോടെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ബാഴ്സ പുറത്താക്കുകയായിരുന്നു. അതിനു ശേഷം ആദ്യമായാണ് സെറ്റിയൻ ബാഴ്സ നാളുകളെ കുറിച്ചു സംസാരിക്കുന്നത്.
“മെസി ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. ആ ഗണത്തിൽ ഒട്ടനവധി താരങ്ങളുണ്ടാവാമെങ്കിലും ഇത്രയും കാലം തുടർച്ചയായി ഒരേ നിലവാരത്തിൽ പ്രകടനം കാഴ്ച വെച്ചത് മറ്റാർക്കും അവകാശപ്പെടാൻ കഴിയില്ല.” എൽ പെയ്സിനു വേണ്ടി മുൻ റയൽ മാഡ്രിഡ്, സ്പെയിൻ പരിശീലകൻ ഡെൽ ബോസ്കിനോടു സംസാരിക്കുമ്പോൾ സെറ്റിയൻ പറഞ്ഞു.
“മെസിയെ പരിശീലിപ്പിക്കാൻ വളരെ പ്രയാസമാണ്. വളരെക്കാലമായി അവർ അദ്ദേഹത്തിന്റെ ശൈലി അംഗീകരിച്ച് അതിലൊരു മാറ്റവും വരുത്താൻ തയ്യാറല്ലെങ്കിൽ ഞാനാരാണ് മെസിയെ മാറ്റിയെടുക്കാൻ.”
“ഒരു കളിക്കാരനെന്നതിൽ നിന്നും വ്യത്യസ്തമായൊരു വശം കൂടി മെസിക്കുണ്ട്. അതദ്ദേഹത്തെ കൈകാര്യം ചെയ്യാൻ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു. പല കായിക താരങ്ങളിലും ഇത് അന്തർലീനമാണെന്ന് മൈക്കൽ ജോർദാന്റെ ഡോക്യുമെന്ററി കണ്ടാൽ മനസിലാകും. നമ്മൾ പ്രതീക്ഷിക്കാത്ത പലതുമാണ് കാണുക.”
മിതഭാഷിയായാണ് മെസിയെങ്കിലും നമ്മൾ അറിയേണ്ട കാര്യങ്ങൾ നമുക്കദ്ദേഹം മനസിലാക്കിത്തരുമെന്നും സെറ്റിയൻ പറഞ്ഞു. കളിക്കാർ, പ്രസിഡൻറ് എന്നിവരിൽ ഉപരിയായി ക്ലബിന്റെ താൽപര്യങ്ങൾക്കാണ് മുൻതൂക്കം നൽകേണ്ടതെന്നും ആരാധകർക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.