ലോകത്തിലെ ഏറ്റവും വിഷമമേറിയ മൈതാനമായ ലാ പാസിൽ അർജൻറീന കഴിഞ്ഞ ദിവസം പതിനഞ്ചു വർഷങ്ങൾക്കു ശേഷം വിജയം കുറിച്ചിരുന്നു. ലയണൽ സ്കലോനി ടീമിൽ കളിച്ചിരുന്ന സമയത്താണ് ഇതിനു മുൻപ് അവസാനമായി അർജൻറീന ലാ പാസിൽ വിജയം നേടിയിരുന്നത്. ഇപ്പോൾ പരിശീലകനായും ബൊളീവിയയുടെ മൈതാനത്തു വിജയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
മത്സരം സമാധാനത്തോടെയാണ് അവസാനിച്ചതെങ്കിലും അതിനു ശേഷം ചൂടുപിടിച്ച രംഗങ്ങളുമുണ്ടായിരുന്നു. ഇതിനു മുൻപ് അർജൻറീന ഇതേ മൈതാനത്ത് ഒന്നിനെതിരെ ആറു ഗോളുകൾക്ക് തോറ്റതിനെ കുറിച്ച് ബൊളീവിയൻ പരിശീലകൻ മെസിയെ കളിയാക്കിയതിനെ തുടർന്നാണ് പ്രശ്നങ്ങൾ അരങ്ങേറിയത്. ആറു ഗോൾ വഴങ്ങിയ വിഡ്ഢികളാണവർ എന്നാണ് ബൊളീവിയൻ പരിശീലകൻ പറഞ്ഞത്.
അതിനു ശേഷം പൊട്ടിത്തെറിച്ച ബൊളീവിയൻ ഫിസിയോക്കെതിരെയാണ് മെസി തന്റെ രോഷം പ്രകടിപ്പിച്ചത്. “എന്താണു നിങ്ങളുടെ പ്രശ്നം, കഷണ്ടിത്തലയാ. എന്തിനാണു ബഹളം ഉണ്ടാക്കുന്നത്. നിങ്ങൾക്കെന്നെ എന്തു ചെയ്യണമെന്നാണു പറയുന്നത്.” മെസിയുടെ വാക്കുകൾ ഇങ്ങിനെയായിരുന്നു.
മത്സരത്തിൽ കളിക്കാതിരുന്ന അഗ്യൂറോ മെസിക്കു പിന്തുണയുമായി രംഗത്തെത്തി. ആ കഷണ്ടിത്തലയന്റെ മുഖത്തടിക്കൂ എന്നാണ് ഇൻസ്റ്റഗ്രാമിലൂടെ മെസിയോട് അഗ്യൂറോ പറഞ്ഞത്.