സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകളായിരുന്നു ഒരാഴ്ച്ചക്കാലം ഫുട്ബോൾ ലോകത്തെ ഇളക്കി മറിച്ചിരുന്നത്. താരത്തിന് ബാഴ്സയിൽ തുടരാൻ താല്പര്യമില്ല എന്ന് ബാഴ്സ ക്ലബ്ബിനെ അറിയിച്ചതോടെയാണ് ഫുട്ബോൾ ലോകത്തെ മെസ്സി ട്രാൻസ്ഫർ വാർത്തകൾ കീഴടക്കിയത്. ഒടുക്കം മെസ്സിയെ ബാഴ്സ വിടാൻ അനുവദിക്കാതിരുന്നതോടെ മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ സൂപ്പർ താരത്തെ പിഎസ്ജിയിൽ എത്തിക്കാൻ വേണ്ടി താൻ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പിഎസ്ജി താരം എയ്ഞ്ചൽ ഡിമരിയ. കഴിഞ്ഞ ദിവസം ആർഎംസി സ്പോർട്ടിനോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. മെസ്സിയെ പിഎസ്ജിയിലേക്ക് ക്ഷണിച്ചു കൊണ്ട് താൻ ഇൻസ്റ്റാഗ്രാം വഴി സന്ദേശമയച്ചു എന്നാണ് ഡിമരിയ വെളിപ്പെടുത്തിയത്. പിഎസ്ജിയിൽ കളിച്ചാൽ എങ്ങനെയുണ്ടാവും എന്നാണ് മെസ്സി ബാഴ്സ വിടാൻ തീരുമാനിച്ചപ്പോൾ മെസ്സിയോട് താൻ ചോദിച്ചത് എന്നാണ് ഡിമരിയ പറഞ്ഞത്.
” അദ്ദേഹത്തിന് ബാഴ്സയിൽ തുടരാൻ താല്പര്യമില്ല എന്നറിഞ്ഞപ്പോൾ ഞാൻ ആദ്യം ചെയ്ത കാര്യം അദ്ദേഹത്തിന് മെസ്സേജ് അയക്കുകയാണ്. എന്നിട്ട് ഇൻസ്റ്റഗ്രാം സന്ദേശത്തിലൂടെ ഞാൻ അദ്ദേഹത്തോട് ചോദിച്ചു. മെസ്സിക്കൊപ്പം പിഎസ്ജി കളിച്ചാൽ എങ്ങനെയിരിക്കുമെന്ന് ” ഇതാണ് ആർഎംസി സ്പോർട്ടിനോട് ഡിമരിയ പറഞ്ഞത്. എന്നാൽ മെസ്സിയുടെ മറുപടിയെ പറ്റി അദ്ദേഹം വെളിപ്പെടുത്തിയില്ല.
മുമ്പ് നെയ്മറും ഡിമരിയയും മെസ്സിയെ പിഎസ്ജിയിലേക്ക് ക്ഷണിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. ഡിമരിയ അർജന്റീന ടീമിലും നെയ്മർ ബാഴ്സയിലുമായിരുന്നു മെസ്സിക്ക് ഒപ്പം കളിച്ചത്. മാഞ്ചസ്റ്റർ സിറ്റി, ഇന്റർമിലാൻ, പിഎസ്ജി എന്നിവരായിരുന്നു മെസ്സിക്ക് വേണ്ടി വലിയ തോതിൽ രംഗത്തുണ്ടായിരുന്നത്. എന്നാൽ ബാഴ്സ മെസ്സിയെ പോകാൻ അനുവദിക്കാതെ തടഞ്ഞു വെക്കുകയായിരുന്നു. ഇനി അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ എന്ത് സംഭവിക്കും എന്ന കാത്തിരിപ്പിലാണ് ആരാധകർ.